യുക്തിവാദിക്കൊപ്പം മല ചവിട്ടുന്ന ഭക്തിവാദി; 41 മൂവി റിവ്യൂ

Friday 08 November 2019 10:00 PM IST

ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമ ശബരിമലയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കുടുംബചിത്രമായിരുന്നു. ഇപ്പോഴിതാ ഹിറ്റുകളുടെ സംവിധായകൻ ലാൽ ജോസും ശബരിമലയുടെ പശ്ചാത്തലത്തിൽ 41 എന്ന സിനിമയുമായി എത്തിയിരിക്കുന്നു. ശബരിമലയിലെ സംഘർഷമൊന്നുമല്ല സിനിമയുടെ യഥാർത്ഥ കഥാതന്തു. മറിച്ച് സമാന്തരമായി സഞ്ചരിക്കുന്ന യുക്തിവാദവും ഭക്തിയും ഒരുമിച്ച് പോകുമോയെന്ന അന്വേഷണമാണ് ലാൽ ജോസ് ഈ സിനിമയിലൂടെ നടത്തുന്നത്.

41 പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ യുക്തിവാദികൾ ആരാണെന്ന് ചോദിച്ചാൽ കൊച്ചുകുട്ടികൾ പോലും പറയും അത് കമ്മ്യൂണിസ്റ്റുകാരാണ്. കമ്മ്യൂണിസ്റ്റുകാർക്കിടയിൽ​ ഭൂരിപക്ഷവും വിശ്വാസികളാണെന്നത് വേറെ കാര്യം. യുക്തിവാദിയും കമ്മ്യൂണിസ്റ്റുകാരനും അദ്ധ്യാപകനുമായ ഉല്ലാസും (ബിജു മേനോൻ)​,​ പാർട്ടി അനുഭാവിയായ വാവാച്ചി കണ്ണനും (ശരൺജിത്ത്)​ മാണ് സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങൾ. ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ണനൊപ്പം ഉല്ലാസിന് ശബരിമലയിൽ പോകേണ്ടി വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ആകെത്തുക.

സ്ത്രീ പ്രവേശനമില്ല,​ തത്വചിന്തകളും 41 കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലെത്തുക അത്രയും ദിവസം വ്രതമെടുത്ത് ശബരിമല ദർശിക്കുന്ന ഭക്തരെയാണ്. ഇവിടെയും അങ്ങനെ തന്നെ. ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട ഒരു കാര്യവും സിനിമ ചർച്ച ചെയ്യുന്നില്ല. കവലകളിലെ ലോക്കൽ കമ്മിറ്റി സഖാക്കാന്മാർ പോലും ഇക്കാര്യം ചർച്ചയാകുന്ന കാലത്താണ് ലാൽ ജോസ് വിവാദങ്ങളിൽ നിന്ന് മാറിനടന്ന് ഒരു കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ആത്മീയതയെ തലോടി മാത്രം പോകുന്ന സംവിധായകൻ,​ നവോത്ഥാനത്തെയും സദാചാര പൊലീസ് ചമയലിനെയും കണക്കിന് കളിയാക്കുന്നുണ്ട്. കണ്ണൂരിലെ കമ്മ്യൂണിസത്തിൽ തുടങ്ങി ശബരിമലയിൽ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകന്റെ ഭക്തിയാണോ യുക്തിവാദമാണോ ജയിച്ചതെന്ന് പ്രേക്ഷകർക്ക് സ്വന്തം യുക്തിക്ക് അനുസരിച്ച് തീരുമാനിക്കാമെന്ന സന്ദേശത്തോടെയാണ് സംവിധായകൻ അവസാനിപ്പിക്കുന്നത്. നവാഗതനായ പി.ജി പ്രഗീഷിന്റെ തിരക്കഥയ്ക്ക് ചെറിയ ബലക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും സംവിധായക മികവിൽ അത് മറികടക്കാനായിട്ടുണ്ട്.

ഉല്ലാസ് എന്ന കഥാപാത്രത്തെ ബിജു മേനോൻ തന്റെ കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരന്റെ ഉറച്ച നിലപാടുള്ളപ്പോഴും വിശ്വാസവഴിയേ സഞ്ചരിക്കാൻ പ്രേരിപ്പിക്കപ്പെടുന്നയാളുടെ മാനറിസങ്ങളെ അനായാസം ബിജു അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ശരൺജിത്ത് അവതരിപ്പിച്ച വാവാച്ചി കണ്ണൻ എന്ന കഥാപാത്രം മികച്ചുനിൽക്കുന്നു. ബിജു മേനോന്റെ കഥാപാത്രത്തിന് പിന്തുണ നൽകേണ്ട ചുമതല മാത്രമുള്ള കണ്ണൻ എന്ന കഥാപാത്രം പക്ഷേ,​ പലപ്പേഴും സിനിമയുടെ കേന്ദ്രബിന്ദുവായി മാറുന്നതും കാണാം. ഒരു തുടക്കക്കാരന്റെ ആകുലതകളൊന്നുമില്ലാതെ ശരൺജിത്ത് കണ്ണൻ എന്ന കഥാപാത്രത്തെ അനായാസമാണ് അവതരിപ്പിച്ചിരിക്കുന്നത്.

നായികയായെത്തിയ നിമിഷ സജയനും ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. ഗ്രാമീണ പെൺകുട്ടിയുടെ വേഷം തനിക്ക് നന്നായി ഇണങ്ങുമെന്ന് ഭാഗ്യസൂയം എന്ന കഥാപാത്രത്തിലൂടെ നിമിഷ തെളിയിക്കുന്നുണ്ട്. കണ്ണന്റെ ഭാര്യയായിവേഷമിട്ട ധന്യയും മികച്ചുനിൽക്കുന്നു. ശരൺജിത്തും ധന്യയും തിയേറ്റർ രംഗത്ത് നിന്ന് ബിഗ് സ്ക്രീനിൽ എത്തിയതെന്ന പ്രത്യേകതയമുണ്ട്. ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. ബിജിബാലിന്റെ സംഗീതവും മികച്ചതാണ്.

വാൽക്കഷണം: കണ്ടിരിക്കാൻ കഠിനവ്രതമൊന്നും വേണ്ട

റേറ്റിംഗ്: 3