ഫഡ്‌നാവിസ് രാജിവച്ചു: മഹാരാഷ്‌ട്രയിൽ മന്ത്രിസഭ രൂപീകരിക്കുന്നതിൽ ബി.ജെ.പി -ശിവസേന തർക്കം നീളുന്നു

Saturday 09 November 2019 12:01 AM IST

മുംബയ്/ന്യൂഡൽഹി: നിയമസഭയുടെ കാലാവധി ഇന്നവസാനിക്കെ മഹാരാഷ്‌ട്രയിൽ മന്ത്രിസഭ രൂപീകരിക്കുന്നതിൽ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള തർക്കം പരിഹാരമില്ലാതെ നീളുന്നു. ഇന്നലെ ഗവർണർക്ക് രാജിക്കത്ത് നൽകിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ശിവസേനയ്‌ക്ക് വാക്കു നൽകിയിട്ടില്ലെന്ന് ആവർത്തിക്കുകയും കള്ളം പറയുന്നവരുമായി കൂട്ടുകൂടാനില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തുറന്നടിക്കുകയും ചെയ്തു.

ബദൽ സംവിധാനം നിലവിൽ വരും വരെ പദവിയിൽ തുടരാൻ ഇന്നലെ ഗവർണർ ഭഗത് സിംഗ് കോഷിയാരി ഫഡ്‌നാവിസിനോട് നിർദ്ദേശിച്ചു. കാവൽ മന്ത്രിസഭയുടെ കാലാവധി ഗവർണർ രണ്ടാഴ‌്‌ചത്തേക്ക് ദീർഘിപ്പിക്കുമെന്ന് സൂചനയുണ്ട്. എന്നിട്ടും പരിഹാരമായില്ലെങ്കിൽ എറ്റവും വലിയ കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയോ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയോ ആണ് ഗവർണർക്ക് മുന്നിലുള്ള പോംവഴി.

ബി.ജെ.പി-ശിവസേനാ വാക്പോര് ഒന്നുകൂടി മുറുകിയതല്ലാതെ മറ്റൊന്നും ഇന്നലെ സംഭവിച്ചില്ല. ബി.ജെ.പി നേതാവ് നിതിൻ ഗഡ്‌കരിയും ആർ.എസ്.എസ് നേതൃത്വവും ശിവസേനയുമായി അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്.

ശിവസേനയുടെ നീക്കം തടയാൻ എൻ.ഡി.എ സഖ്യകക്ഷിയായ ആർ.പി.ഐയുടെ നേതാവ് രാംദാസ് അത്താവലെ എൻ.സി.പി നേതാവ് ശരത് പവാറിനെ കണ്ടു. കോൺഗ്രസ് നേതാക്കളും പവാറുമായി ഇന്നലെ ചർച്ച നടത്തി.

എം.എൽ.എമാർ റിസോർട്ടിൽ

അതിനിടെ, ശിവസേനാ എം.എൽ.എമാരെ ബാന്ദ്ര ഹോട്ടലിൽ നിന്ന് നഗരത്തിന് വെളിയിൽ പടിഞ്ഞാറൻ മലാഡിലെ ദ്വീപിലുള്ള റിസോർട്ടിലേക്ക് മാറ്റി. ബാന്ദ്രയിൽ സൗകര്യമില്ലെന്ന് എം.എൽ.എമാർ പരാതിപ്പെട്ടതു കൊണ്ടാണ് മാറ്റമെന്നാണ് പാർട്ടി വിശദീകരണം. ശിവസേനയുടെ 56 എം.എൽ.എമാരും 8 സ്വതന്ത്രരുമാണ് റിസോർട്ടിലുള്ളത്. കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ ജയ്‌പൂരിലെ ഒരു ഹോട്ടലിലേക്കും മാറ്റി.

50 കോടി വരെ വാഗ്ദാനമെന്ന്

ഭൂരിപക്ഷമുറപ്പിക്കാൻ ബി.ജെ.പി മറ്റു പാർട്ടികളിലെ എം.എൽ.എമാർക്ക് 25-50 കോടി രൂപ വാഗ്‌ദാനം ചെയ്തതായി കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ ആരോപിച്ചു. തങ്ങളുടെ എം.എൽ.എമാരെയും ബന്ധപ്പെട്ടിരുന്നു. കോഴ വാഗ്‌ദാനം ചെയ്‌തുള്ള ഫോൺ വിളികൾ റെക്കാഡ് ചെയ്യാൻ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിവിട്ട 15 നേതാക്കൾ തിരിച്ചു വരാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നും അവരെ പാർട്ടി സ്വാഗതം ചെയ്യുമെന്നും വിജയ് കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ ആരോപണം ബി.ജെ.പി വക്താവ് കേശവ് ഉപാദ്ധ്യായ നിഷേധിച്ചു.

'മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ശിവസേനയ്‌ക്ക് വാക്കു നൽകിയിട്ടില്ല. ബി.ജെ.പി സർക്കാരുണ്ടാക്കും. ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുള്ളവർ തെറ്റിദ്ധാരണ പരത്തുകയാണ്. സർക്കാർ രൂപീകരണം വൈകുന്നതിൽ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. മറ്റ് പാർട്ടികളിൽ നിന്ന് എം.എൽ.എമാരെ വലവീശിപ്പിടിക്കാൻ ശ്രമിക്കുന്നില്ല."

- ദേവേന്ദ്ര ഫഡ്‌നാവിസ്

'ഫഡ്‌നാവിസും അമിത് ഷായും ആദ്യം വന്നു കണ്ട് ഉപമുഖ്യമന്ത്രി പദം വാഗ്‌ദാനം ചെയ്‌തെങ്കിലും ഞാൻ അതു തള്ളി. അടുത്ത ദിവസം അമിത് ഷാ വീണ്ടും വിളിച്ചപ്പോൾ മുഖ്യമന്ത്രി പദം പങ്കിടണമെന്ന എന്റെ ആവശ്യം അംഗീകരിച്ചു. ഇക്കാര്യം പരസ്യപ്പെടുത്തരുതെന്ന് ഫഡ്നാവിസ് അപേക്ഷിച്ചു. ബി.ജെ.പിയുമായി കൂട്ടുകൂടിയതിൽ ഇപ്പോൾ ഖേദിക്കുന്നു."

- ഉദ്ധവ് താക്കറെ