മഹാരാഷ്ട്രയിൽ ശിവസേനയെ പിന്തുണച്ചാൽ കേരളത്തിൽ എൻ.സി.പി നേതാവ് ഇടതുമന്ത്രിസഭയിൽ കാണുമോ ?

Monday 11 November 2019 12:46 PM IST

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്ന ശിവസേനയ്ക്ക് പിന്തുണ നൽകാൻ എൻ.സി.പി തയാറെടുക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഘടകകക്ഷിയായ എൻ.സി.പി സംസ്ഥാന ഘടകത്തിന് ആശങ്ക. എൻ.സി.പി- ശിവസേന സഖ്യത്തെ കേരളത്തിലെ എൽ.ഡി.എഫും സി.പി.എമ്മും എങ്ങനെയാണ് കണക്കിലെടുക്കുക എന്നതാണ് കേരളത്തിലെ എൻ.സി.പി നേരിടുന്ന ആശങ്ക. മഹാരാഷ്ട്രയിൽ എൻ.സി.പി ഘടകം കോൺഗ്രസിനൊടൊപ്പമാണ് മത്സരിച്ചതെങ്കിലും അതൊന്നും വലിയ തടസ്സമായി കേരളത്തിലെ എൽ.ഡി.എഫ് കണ്ടിരുന്നില്ല. എന്നാൽ ബി.ജെ.പി യെക്കാൾ കടുത്ത വർഗീയ നിലപാടെടുക്കുന്ന ശിവസേനയെ പിന്തുണയ്ക്കുന്ന എൻ.സി.പിയുടെ കേരളത്തിലെ നേതാവ് ഇടതുമന്ത്രിസഭയിൽ തുടരുന്നത് ഇടതുമുന്നണിയിൽ വിവാദത്തിന് വഴിവച്ചേക്കാം.

അതേസമയം, ബി.ജെ.പി ഇതര മന്ത്രിസഭയ്ക്കുള്ള എല്ലാ സാദ്ധ്യതകളും ആരായുക എന്നതാണ് ദേശീയ തലത്തിൽ പ്രതിപക്ഷസഖ്യങ്ങളുടെ നിലപാടെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ശിവസേനയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചിട്ടുണ്ട്. എൻ.സി.പി -കോൺഗ്രസ് പിന്തുണയില്ലാതെ ശിവസേനയ്ക്ക് മന്ത്രിസഭയുണ്ടാക്കാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കാണ് നീങ്ങുക. മറ്ര് പാർട്ടികളുടെ എം.എൽ. എ മാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കാനും ഇത് വഴിയൊരുക്കും. അതൊഴിവാക്കാൻ ശിവസേനയെ പിന്തുണയ്ക്കുകയേ വഴിയുള്ളൂ. അതേസമയം ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ മഹാരാഷ്ട്രയിലെ സി.പി.എം തീരുമാനം കൂടി അറി‌ഞ്ഞിട്ടേ കൂടുതൽ പറയാനാകൂ. എൻ.സി.പി , കോൺഗ്രസ് സഹായത്തോടെയാണ് ഏക സി.പി.എം സ്ഥാനാർത്ഥി ജയിച്ചത്. ബി.ജെ.പിയെ ഒഴിവാക്കാൻ അവർ ശിവസേനയെ പിന്തുണയ്ക്കുന്നതിനെ എതിർക്കാനിടയില്ല. ഏതായാലും അന്തിമ തീരുമാനമെത്താത്ത സ്ഥിതിയ്ക്ക് കാത്തിരുന്നു കാണുക എന്നതാണ് തങ്ങളുടെ നിലപാടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ 'ഫ്ളാഷി'നോട് പറഞ്ഞു.