'ഏത്തവാഴയിൽ ബാബു ആന്റണിയുടെ രൂപം': താരത്തിന്റെ പ്രതികരണം ഇങ്ങനെ
'ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ' എന്ന കുറിപ്പോടെ വൈറലായ ഒരു ട്രോൾ ഏറ്റെടുത്ത് നടൻ ബാബു ആന്റണി. ട്രോൾ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബാബു ആന്റണി പങ്കുവച്ചിട്ടുമുണ്ട്. ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ പ്രത്യക്ഷപ്പെട്ടതോടെ 'എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം' ആശങ്കയിലാണെന്നും ട്രോളിലുണ്ട്. ഏത്തവാഴയിൽ രൂപപ്പെട്ട 'ബാബു ആന്റണി'യുടെ ചിത്രം പകർത്താൻ നിൽക്കുന്നവരുടെ ഫോട്ടോയും കുമ്പളങ്ങി നൈറ്റ്സിലെ സൗബിൻ ഷാഹിറിന്റെ ചിത്രവുമാണ് ട്രോളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതായാലും സഹൃദയത്തോടെയാണ് ആക്ഷൻ സ്റ്റാർ ഈ ട്രോളിനെ സ്വീകരിച്ചിരിക്കുന്നത്.
ട്രോൾ അയച്ചുതന്നവരോട് ഒരുപാട് നന്ദിയുണ്ടെന്നും അത് കണ്ട താൻ ഒരുപാട് ചിരിച്ചുവെന്നുമാണ് ബാബു ആന്റണി ട്രോളിനൊപ്പമുള്ള കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഒരു വാഴയും എന്റെ ആരാധകനാണെന്ന് അറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ബാബു ആന്റണി പറഞ്ഞു. കായംകുളം കൊച്ചുണ്ണി, മിഖായേൽ എന്നീ ചിത്രങ്ങളിലാണ് ബാബു ആന്റണി അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന 'പവർ സ്റ്റാർ' എന്ന തന്റെ അടുത്ത ചിത്രത്തിൽ നായകനായാണ് ബാബു ആന്റണി എത്തുന്നത്. അടുത്ത വർഷമാണ് പവർ സ്റ്റാറിന്റെ ചിത്രീകരണം തുടങ്ങുക. ഇതിനൊപ്പം തന്നെ അക്ഷയ് കുമാറിനൊപ്പം ഒരു ഹിന്ദി ചിത്രത്തിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്.