ശ്വാസതടസം: ലതാ മങ്കേഷ്കർ ആശുപത്രിയിൽ
Tuesday 12 November 2019 12:07 AM IST
മുംബയ്: ഗായിക ലതാ മങ്കേഷ്‌കറെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മുംബയ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ പ്രവേശിപ്പിച്ച ലതാ മങ്കേഷ്‌കറിന് പിന്നീട് വെന്റിലേറ്റർ സഹായം ലഭ്യമാക്കി. സഹോദരി ആശാ ഭോസ്‌ലെ ലതാ മങ്കേഷ്കറെ ആശുപത്രിയിൽ സന്ദർശിച്ചു.
അതേസമയം, ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, അത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ലത മങ്കേഷ്‌കറുടെ ബന്ധുവായ രചന ഷാ മാദ്ധ്യമങ്ങളെ അറിയിച്ചു. ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ടിൽ പറയുന്നത്. സെപ്തംബർ 28ന് ആയിരുന്നു ലതാ മങ്കേഷ്‌കറിന്റെ 90-ാം പിറന്നാൾ.