എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം; അച്ഛന്റെ ഓർമ്മദിനത്തിൽ വികാര നിർഭരമായ കുറിപ്പുമായി ആര്യ

Monday 11 November 2019 11:21 PM IST

നടിയും അവതാരകയുമായ ആര്യയുടെ അച്ഛന്റെ ഓ‍മ്മദിനമായിരുന്നു നവംബർ 11. കഴിഞ്ഞ വർഷം ഇതേദിവസമാണ് ആര്യയുടെ അച്ഛൻ ലോകത്തോട് വിടപറഞ്ഞത്. വികാര നിർഭരമായ ഒരു കുറിപ്പിലൂടെ ആര്യ അച്ഛന്റെ ഓർമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

അര്യയുടെ കുറിപ്പ്

ഒരു വ്യക്തി എന്ന നിലയിൽ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കിയ ദിവസമായിരുന്നു ഇത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് എനിക്ക് എന്റെ അച്ഛനെ നഷ്ടമായത്. കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്താണ് ഒരു നേഴ്സ് ഈ ഡോർകടന്നു വന്ന് എന്നോട് പറഞ്ഞത്, അച്ഛനെ ഒന്ന് പോയി കണ്ടോളൂ എന്ന്.

അവിടെ ഞാൻ കണ്ടു.കണ്ണുകളടച്ച്, വായ തുറന്ന്, തണുത്ത്, അനക്കമറ്റ് അദ്ദേഹം കിടക്കുന്നു. എല്ലാ ധൈര്യവുമെടുത്ത് ഞാൻ അച്ഛനെ വിളിച്ചു, അച്ഛനെ ഉണർത്താൻ, ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ, കാരണം അച്ഛനെ പറഞ്ഞയക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല, അന്നത്തെ ദിവസം എനിക്ക് സംഭവിക്കുന്നതിനെ അഭിമുഖീകരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. പക്ഷേ വിധിയെ തടുക്കാൻ നമുക്കാവില്ലല്ലോ..അച്ഛൻ പോയി, എന്റെ കാലിനടിയിലെ മണ്ണും പൂർണമായും ഒലിച്ച് പോയി.

അച്ഛാ...ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങൾ അച്ഛനെ മിസ് ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ ഈ ദിവസത്തിൽ നിന്ന് വീണ്ടും കാലുകൾ നിലത്തുറപ്പിക്കാൻ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി...എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി...ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അച്ഛാ..നിങ്ങളാണെന്റെ ജീവിതം....