എൻ.സി.പി സർക്കാർ രൂപീകരിച്ചേക്കില്ല,​ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്

Monday 11 November 2019 11:56 PM IST

മുംബയ്: എൻ.സി.പിയുമായി ചേർന്ന് കോൺഗ്രസ് പിന്തുണയോടെ സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കം പരാജയപ്പെട്ടതിനെതുടർന്ന് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ശിവസേനയ്ക്ക് പിന്നാലെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയെന്ന നിലയിൽ എൻ.സി.പിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചിരുന്നു.

സർക്കാരുണ്ടാക്കാൻ സാധിക്കുമോ എന്ന് ചൊവ്വാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് നിർദ്ദേശിച്ച് രാജ്ഭവനിൽ നിന്ന് എൻ.സി.പിക്ക് കത്ത് ലഭിച്ചിരുന്നു. എന്നാൽ സർക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങൾക്കില്ലെന്ന് എൻ.സി.പി ചൊവ്വാഴ്ച ഗവർണറെ അറിയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എൻ.സി.പിയും പിൻമാറിയാൽ സാങ്കേതികത്വത്തിന്റെ പേരിൽ നാലാമത്തെ കക്ഷിയായ കോൺഗ്രസിനെ ഗവർണർ ക്ഷണിച്ചേക്കും. അതല്ലെങ്കിൽ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്യും. അങ്ങനെയെങ്കിൽ ചൊവ്വാഴ്ച വൈകിട്ടോടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വരും.

മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടണമെന്ന ശിവസേനയുടെ ആവശ്യത്തിന് ബി.ജെ.പി വഴങ്ങാതിരുന്നതോടെയാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ പ്രതിസന്ധി ഉടലെടുത്തത്.

തുടർന്ന് സർക്കാർ രൂപീകരണത്തിൽ നിന്ന് ബി.ജെ.പി ഞായറാഴ്ച പിന്മാറിയിരുന്നു. സർക്കാർ രൂപീകരണത്തിന് ശിവസേന എൻ.സി.പിയുടെയും കോൺഗ്രസിന്റെയും പിന്തുണ തേടിയിരുന്നുവെങ്കിലും ശിവസേനയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടെടുത്തു. ഇതോടെ എൻ.സി.പിയും പിന്മാറി.