ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയർത്തുന്നതുമായ സോഷ്യൽ മീഡിയ പോസ്‌റ്റുകൾ,​ സജിത മഠത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി

Tuesday 12 November 2019 2:55 PM IST

കോഴിക്കോട്: തനിക്കെതിരായി സോഷ്യൽ മീഡിയയിൽ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ നടി സജിതാ മഠത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തിൽ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. അതിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നിന്നും സജിത നേരിട്ടത്. അലന്റെ അമ്മയുടെ സഹോദരിയാണ് സജിത. അറസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിൽ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയർത്തുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

പൊതുസ്ഥലത്തുവച്ച് തന്റെ നേർക്ക് ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലർ ശ്രമിക്കുന്നുണ്ടെന്നും സജിതയുടെ പരാതിയിൽ പറയുന്നു. വനിതാ കമ്മീഷന് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്നും സജിത വ്യക്തമാക്കി. കഴിഞ്ഞ എട്ടാം തീയതിയാണ് വനിതാ കമ്മീഷന് പരാതി നൽകിയത്.