ലാലേട്ടൻ വണ്ടീന്ന് ഇറങ്ങിയോടി ബസ്‌റ്റാന്റിൽ കയറി ഷൗട്ട് ചെയ്യുകയാണ്, ആർക്കും ഒരുപിടിയും കിട്ടിയില്ല
കീർത്തിചക്ര പോലുള്ള സിനിമകളിലൂടെ മലയാളിക്ക് പ്രിയങ്കരനായി തീർന്ന സംവിധായകനാണ് മേജർ രവി. സ്തുത്യർഹമായ സൈനിക സേവനത്തിന് ശേഷം അതിൽ നിന്ന് ഏറെ വ്യത്യസ്തമായ സിനിമാമേഖലയിലേക്ക് ചുവടെടുത്ത വച്ച മേജർ രവിയ്ക്ക് അവിടെയും വിജയം കൊയ്യാൻ കഴിഞ്ഞു. ഇതിനോടകം തന്നെ പത്തിലധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. കൂടുതലും സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ.
എന്നാലിപ്പോൾ മോഹൻലാലിനൊപ്പമുള്ള യാത്രാ അനുഭവങ്ങൾ കേരളകൗമുദിയുമായി പങ്കുവച്ചിരിക്കുകയാണ് മേജർ രവി. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലായിരുന്നു ലാലുമായുള്ള രസകരമായ ഒരു അനുഭവം മേജർ പങ്കുവച്ചത്.
'ലാലേട്ടന്റെ കൂടെ ഇവിടുത്തേക്കാൾ കാശ്‌മീരിലൊക്കെയാണ് ഒരുമിച്ച് യാത്ര ചെയ്‌തിട്ടുള്ളത്. ട്രെയിനിംഗിനായി പോകുന്ന സമയത്തെല്ലാം മിലിട്ടറി വണ്ടികളിൽ പോകുമ്പോൾ പലപ്പോഴും ഒരു കുട്ടിയുടെ ലാഘവത്തോടു കൂടിയിരിക്കുന്ന ലാലേട്ടനെയാണ് ഞാൻ കണ്ടിട്ടുള്ളത്. ഓടിക്കുന്ന ഡ്രൈവറിൽ മൂപ്പർക്ക് ഒരു കോൺഫിഡൻസ് വന്നു കഴിഞ്ഞാൽ പിന്നെ ഹീ ഈസ് ടോട്ടലി റിലാക്സ്‌ഡ്. പലയിടത്തും വണ്ടികൾ നിറുത്തി ചെറിയ ചായക്കടയിൽ നിന്നൊക്കെ ചായ കുടിച്ചിട്ടുണ്ട് ഞങ്ങൾ. അറിയുന്നവരായിട്ട് അവിടെ ആരുമില്ലല്ലോ? സെൽഫിക്കാളില്ല, വലിയ ബഹളമില്ല. അങ്ങനെ മൂപ്പരുടെ ഒരു ഫ്രീഡം ഞാൻ കണ്ടിട്ടുണ്ട്.
അതുപോലെ ഒരു പ്രാവശ്യം ഞങ്ങൾ കുരുക്ഷേത്ര കഴിഞ്ഞു വരുന്ന സമയത്ത്. ഞാനും ലാലേട്ടനും കൂടി ദ്രാസ് എന്നു പറയുന്ന സ്ഥലത്ത് എത്തിയപ്പോൾ ചായ കുടിക്കാനിറങ്ങി. അവിടെ ഒരു ചെറിയ ബസ്‌റ്റ് സ്‌റ്റാന്റുണ്ട്. ചെറിയ ചെറിയ മിനി ബസുകളാണവിടെ. ലാലേട്ടൻ വണ്ടീന്ന് ഇറങ്ങി ഓടി ബസ്‌റ്റാന്റിനകത്തേക്ക് കയറി. എന്നിട്ട് ഒരു വണ്ടിടെ മുകളിൽ കയറി അങ്ങ് ഷൗട്ട് ചെയ്യാൻ തുടങ്ങി. മൂപ്പര് മലയാളത്തിലാണ് വിളിച്ചു പറയുന്നത്. ആർക്കും ഒരു പിടിയും കിട്ടുന്നില്ല. ബസിലേക്ക് ആളെ വിളിച്ചു കയറ്റുകയായിരുന്നു മൂപ്പർ'.