ആസ്തയ്ക്ക് പിന്നാലെ അടുത്തയാൾ,​ 56 കാരിയായ അമ്മയ്ക്ക് സ്നേഹനിധിയായ വരനെ തേടി മകൾ,​ നിബന്ധനകൾ ഇതൊക്കെയാണ്...

Wednesday 13 November 2019 1:28 PM IST

ദിവസങ്ങൾക്ക് മുമ്പ് അമ്മയ്ക്ക് അമ്പതുകാരനായ വരനെ അന്വേഷിച്ചുകൊണ്ടുള്ള നിയമവിദ്യാർത്ഥിയായ ആസ്ത എന്ന മകളുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് തൊട്ടുപിന്നാലെ മോഹിനി എന്ന മറ്റൊരു യുവതികൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാകുകയാണ്.

ആസ്ത വർമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ 56 കാരിയായ അമ്മയ്ക്ക് വരനെ അന്വേഷിച്ച് രംഗത്തെത്തിയിരിക്കുന്നതെന്ന് മോഹിനി ട്വീറ്റ് ചെയ്തു. 55​-60 വയസിന് ഇടയിൽ പ്രായമുള്ളയാളെയാണ് വേണ്ടതെന്ന് യുവതി കുറിപ്പിൽ പറയുന്നു.

ചില യോഗ്യതകളും വരന് വേണമെന്ന് മോഹിനിക്ക് നിർബന്ധമുണ്ട്. സസ്യാഹാരിയായിരിക്കണം,​ മദ്യപിക്കരുത്,​ പുകവലിക്കരുത്,​ വ്യക്തിത്വമുള്ളയാളായിരിക്കണം എന്നിവയാണ് നിബന്ധനകൾ. കൂടാതെ സ്നേഹനിധിയായ ഒരു ഭർത്താവിനെയും പിതാവിനെയുമാണ് അന്വേഷിക്കുന്നതെന്നും മോഹിനി ട്വീറ്റ് ചെയ്തു. അമ്മയും മകളും ഒരുമിച്ചുള്ള ചിത്രവും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധിപേർ അമ്മയ്ക്ക് പുതിയൊരു ജീവിതം കണ്ടെത്താൻ ശ്രമിക്കുന്ന മകളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പാണ് ആസ്തവർമ എന്ന നിയമവിദ്യാർത്ഥിനി തൻറെ അമ്മയ്ക്ക് വരനെ അന്വേഷിച്ച് രംഗത്തെത്തിയത്. വരന് ചില നിബന്ധനകളും ആസ്ത മുന്നോട്ടുവച്ചിരുന്നു. സസ്യാഹാരിയായിരിക്കണം,​ മദ്യപിക്കരുത്,​ വ്യക്തിത്വമുള്ളയാളായിരിക്കണം എന്നിവയാണ് നിബന്ധനകൾ. അമ്മയും ആസ്തയും ഒരുമിച്ചുള്ള ചിത്രവും ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.