ഇനി ഇങ്ങനെയുള്ള കാര്യങ്ങളിൽ സൂക്ഷിക്കണം: രാഹുലിന് വിടുതൽ നൽകിയെങ്കിലും താക്കീതുമായി സുപ്രീം കോടതി

Thursday 14 November 2019 12:03 PM IST

ന്യൂഡൽഹി: റാഫേൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വയനാട് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിലുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, കെ.എസ് കൗൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് തള്ളിയത്. രാഹുൽ നിരുപാധികം മാപ്പ് പറഞ്ഞത് മൂലമാണ് കോടതി ഈ തീരുമാനത്തിൽ എത്തിയത്. രാഹുലിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായും കോടതി അറിയിച്ചു. ഇനി ഈ വിഷയത്തിൽ രാഹുലിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ല. റാഫേൽ വിവാദത്തിൽ 'കാവൽക്കാരൻ കള്ളനാണ്' എന്നുള്ള തന്റെ പരാമർശത്തെ സുപ്രീം കോടതിയും അംഗീകരിച്ചതായാണ് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് രാഹുൽ ഈ വിവാദ പരാമർശം നടത്തിയത്.

എന്നാൽ ഇത്തരം കാര്യങ്ങളിൽ രാഹുലിന്റെ സ്ഥാനത്തിരിക്കുന്ന ഒരാൾ പ്രസ്താവനകൾ നടത്തുമ്പോൾ വളരെയധികം സൂക്ഷിക്കണം എന്നും കോടതി താക്കീത് നൽകുന്നുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ രാഹുൽ ഗാന്ധി അങ്ങേയറ്റം ശ്രദ്ധ പുലർത്തണമെന്നാണ് കോടതി പറഞ്ഞത്. രാഹുലിന്റെ 'ചൗക്കിദാർ ചോർ ഹെ' പരാമർശം സുപ്രീം കോടതിയുമായി ബന്ധപ്പെടുത്തിയതിന് ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയിൽ രാഹുലിനെതിരെ ഹർജി നൽകിയത്. റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയായിരുന്നു രാഹുലിന്റെ ഈ പരാമർശം.