'മറ്റൊരു ഭാഷ സംസാരിക്കുന്നതിനാൽ ലക്ഷങ്ങളെ കൊന്നുതള്ളിയവരാണ് നിങ്ങൾ', അയോദ്ധ്യ വിഷയത്തിൽ പ്രതികരിച്ച പാകിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ

Thursday 14 November 2019 9:25 PM IST

പാരീസ്: അയോദ്ധ്യ ഭൂമിതർക്കക്കേസിലെ വിധിയെ തുടർന്ന് പാകിസ്ഥാൻ നടത്തിയ പരാമർശത്തിന് ചുട്ട മറുപടി നൽകി ഇന്ത്യ. പാരീസിൽ നടന്ന യുനെസ്കോ യോഗത്തിലാണ് ഇന്ത്യ പാകിസ്ഥാന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. അപക്വവും അസത്യവുമായ പരാമർശങ്ങൾ കൊണ്ട് പാകിസ്ഥാൻ നിരന്തരമായി ഇന്ത്യയെ അപമാനിക്കുകയാണെന്ന് ഇന്ത്യയുടെ വക്താവ് യോഗത്തിൽ പറ‍ഞ്ഞു.

ഇന്ത്യയുടെ ആഭ്യന്ത വിഷയത്തിൽ പാകിസ്ഥാൻ ഇടപെടുകയാണ്. എല്ലാ വിശ്വാസങ്ങൾക്കും തുല്യ ബഹുമാനം നൽകിയ വിധി പാകിസ്ഥാനിലെ കാഴ്ചപാടിന് വിരുദ്ധമാണ്. അനാവശ്യമായ പരാമർശമാണ് പാകിസ്ഥാൻ നടത്തുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. വേൾഡ് ട്രേഡ് സെന്റർ, മുംബയ് ആക്രമണത്തിലെ ഭീകരർ എവിടെനിന്നായിരുന്നു. ഒസാമ ബിൻ ലാദനെയും മുല്ല ഒമറിനെയും എവിടെനിന്നാണ് കണ്ടെത്തിയത്. ഹിസ്ബുൽ മുജാഹിദ്ദാൻ, ജമാഅത്ത് ഉദ് ദവ, ലഷ്കർ ഇ ത്വയ്ബ തുടങ്ങിയ സംഘടനകൾ എവിടെയാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണമെന്നും ഇന്ത്യന്‍ വക്താവ് ചോദിച്ചു.

മറ്റൊരു ഭാഷ സംസാരിക്കുന്നതിനാൽ ലക്ഷക്കണക്കിന് ആളുകളെ കൊന്നുതള്ളിയ രാജ്യമാണ് പാകിസ്ഥാൻ. യുനെസ്കോ ജനറൽ കോൺഫറൻസ്-ജനറൽ പോളിസി യോഗത്തിലാണ് ഇന്ത്യ പാകിസ്ഥാന് മറുപടി കൊടുത്തത്.