'ഇന്ത്യയുടെ ഐൻസ്റ്റീൻ' വിടവാങ്ങി

Friday 15 November 2019 12:00 AM IST

പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ വസിഷ്ഠ് നാരായൺ സിംഗ് ഇന്നലെ പാറ്റ്‌നയിൽ അന്തരിച്ചു

പാട്ന: 'ഇന്ത്യയുടെ ഐൻസ്റ്റീൻ' എന്ന് അറിയപ്പെട്ടിരുന്ന, രാമാനുജന് ശേഷം ലോകം അംഗീകരിച്ച പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ വസിഷ്ഠ് നാരായൺ സിംഗ് (74) വിടവാങ്ങി. അമേരിക്കയിൽ പ്രവർത്തിക്കവെ, ആപേക്ഷികതാ സിദ്ധാന്തത്തിൽ നടത്തിയ ഇടപെടലുകളാണ് വസിഷ്ഠിനെ ലോകപ്രശസ്തനാക്കിയത്. ഐൻസ്റ്റീന്റെ ചില സിദ്ധാന്തങ്ങളെ വസിഷ്ഠ് വെല്ലുവിളിച്ചിരുന്നു. നാസയിലും പ്രവർത്തിച്ചിരുന്നു.

35 വർഷം മുമ്പ്, അക്കാഡമിക നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴാണ് വസിഷ്ഠ് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗത്തിന്റെ പിടിയിലായത്. മറവിയും ദേഷ്യവും അക്രമ വാസനയും. തുടർന്ന് അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയെങ്കിലും രോഗം ശമിച്ചില്ല. വർഷങ്ങളോളം ഗ്രാമങ്ങളിൽ അലഞ്ഞു. ദീർഘകാലമായി പാറ്റ്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. വസന്ത്പൂർ ഗ്രാമം അറിയപ്പെടുന്നത് 'വസിഷ്ഠ് ബാബുവിന്റെ ഗ്രാമം' എന്നാണ്.

 കണക്കിലെ മാന്ത്രികൻ

വസിഷ്ഠിനെപ്പറ്റി അമേരിക്കയിൽ പ്രചരിക്കുന്ന സംഭവകഥ ഇങ്ങനെ:

അപ്പോളോ ലോഞ്ചിംഗിന് മുമ്പ് 31 കമ്പ്യൂട്ടറുകൾ ഒരേസമയം കേടായി. കമ്പ്യൂട്ടറുകൾ റീബൂട്ട് ചെയ്തപ്പോഴേക്കും വസിഷ്ഠ് കണക്കിന്റെ ഉത്തരം കണ്ടെത്തിയിരുന്നു!. അമേരിക്കയിൽ നിന്ന് പത്തു പെട്ടികൾ നിറയെ പുസ്തകങ്ങളുമായാണ് വസിഷ്‌ഠ് വന്നത്. സദാസമയം നോട്ടുബുക്കും പേനയുമായി കണക്കും ചെയ്ത് നടക്കും. ഉത്തരം കിട്ടിയാൽ തുള്ളിച്ചാടും.

ജീവിതരേഖ

1942 ഏപ്രിൽ 2ന് ബീഹാറിലെ വസന്ത്പൂർ ഗ്രാമത്തിലെ ദരിദ്രകുടുംബത്തിൽ ജനനം.

10-ാം ക്ലാസിലും പ്രീഡിഗ്രിക്കും സംസ്ഥാനത്ത് ഒന്നാമൻ.

ഒരു വർഷത്തിനുള്ളിൽ പാട്‌നയിലെ സയൻസ് കോളേജിൽ നിന്ന് ഓണേഴ്‌സ് ബിരുദം

അവിടെ കണ്ടുമുട്ടിയ അമേരിക്കൻ പ്രൊഫസർ, വസിഷ്ഠിന്റെ അസാമാന്യമായ കഴിവുകൾ കണ്ട് ഒപ്പം കൊണ്ടുപോയി.

1969ൽ കാലിഫോർണിയ ബെർക്ക്ലി യൂണിവേഴ്സിറ്റിയിൽ നിന്ന് ഗവേഷണബിരുദം നേടി.

 രോഗം കാരണം 1971ൽ ഇന്ത്യയിലെത്തി

ഐ.ഐ.ടി കാൺപൂർ, മുംബയ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റിസർച്ച്, കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു

 1974 ൽ വിവാഹം. രോഗം കാരണം ഭാര്യ ഉപേക്ഷിച്ചു.

1976ൽ മാനസികാരോഗ്യ ആശുപത്രിയിലാക്കി

1985ൽ കാണാതായി.

 ഗ്രാമങ്ങളിൽ അലഞ്ഞു, യാചിച്ച് ഭക്ഷണം കഴിച്ച്, കടവരാന്തകളിൽ ഉറങ്ങി.

 നാല് വർഷത്തിന് ശേഷം വസിഷ്ഠിനെ കണ്ടെത്തി ചികിത്സിക്കുന്നു.

 2009 ൽ അസുഖം ഭേദമായി

 2014ൽ ഭൂപേന്ദ്ര നാരായൻ മണ്ഡാൽ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായി.

പിന്നീടും രോഗം അലട്ടിയതോടെ പാട്ന ആശുപത്രിയിലാക്കി