ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും

Friday 15 November 2019 1:01 AM IST

ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ് (19)​ ആത്മഹത്യ ചെയ്ത സംഭവം കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ ഐ.ഐ.ടി കാമ്പസ് സന്ദർശിച്ച് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിരുന്നു. തുടരന്വേഷണം കൊട്ടൂർപൂരം പൊലീസിൽ നിന്ന് കേന്ദ്ര ക്രൈംബ്രാഞ്ചിന് കൈമാറി

അഡി. പൊലീസ് കമ്മിഷണർ സി. രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

അഡി. ഡെപ്യൂട്ടി കമ്മിഷണറും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക ഒാഫീസറുമായ മേഘലിന,​ അസി. കമ്മിഷണർ എസ്. പ്രഭാകരൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടാവും.

എം.എ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. അദ്ധ്യാപകനായ സുദർശൻ പത്മനാഭൻ അടക്കമുള്ള ഫാക്കൽട്ടി അംഗങ്ങൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മതപരമായ വേർതിരിവ് പ്രകടമാക്കിയിരുന്നുവെന്നും ഫാത്തിമയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. ഫാത്തിമയുടെ ഫോണിൽ നിന്നാണ് തങ്ങൾക്ക് ഈ വിവരങ്ങൾ ലഭിച്ചതെന്നും അവർ പറഞ്ഞു. അന്വേഷണത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടിരുന്നു.