മക്കൾ അവരുടെ കുടുംബത്തിനൊപ്പം: കൂട്ടുകിടക്കാൻ വന്ന അയൽക്കാരി കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന വീട്ടമ്മയെ, കൊലയ്ക്ക് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളി?
തൃശൂർ: ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ കൂനൻവീട്ടിൽ ആലീസിനെ (58) വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കവർച്ച സംഘമെന്ന് പൊലീസ് നിഗമനം. രക്തത്തിൽ കുളിച്ച് കിടന്നിരുന്ന ഇവരുടെ സ്വർണാഭരണങ്ങൾ എല്ലാം നഷ്ടപ്പെട്ടിരുന്നു. കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങളുമായി കടന്നതയാണ് സംശയിക്കുന്നത്. പ്രാദേശിക മോഷ്ടാക്കളെയും ഇതരസംസ്ഥന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കൊല്ലപ്പെട്ട ആലീസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് ഉച്ചയോടെ നടക്കും.
രാവിലെ തൃശൂർ മദ്ധ്യമേഖല ഡി.ഐ.ജി എസ്.സുരേന്ദ്രനടക്കം സംഭവം നടന്ന കൂനൽ വീട്ടിൽ എത്തിയിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. രാവിലെയോടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ആലീസിനെ വീട്ടിലെ ഹാളിൽ നിലത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. രണ്ട് വർഷം മുമ്പ് ഭർത്താവ് പോൾസൺ മരിച്ചതിന് ശേഷം ആലീസ് തനിച്ചാണ് താമസം. മൂന്ന് പെൺമക്കൾ വിവാഹം കഴിഞ്ഞ് അവരുടെ വീട്ടിലാണ്. മകനും കുടുംബവും യു.കെയിലാണ്. രാത്രിയിൽ സമീപത്തെ ഒരു സ്ത്രീ കൂട്ടുകിടക്കാൻ വരാറുണ്ടായിരുന്നു. എന്നാൽ ഇന്നലെ ഒട്ടേറെ തവണ അവർ ആലീസിന് ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്ന് അവരുടെ മകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ആലീസിനെ മരിച്ച നിലയിൽ കണ്ടത്. മുന്നിലെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നിലെ വാതിൽ അകത്തു നിന്നും പൂട്ടിയിരുന്നു. ആലീസിന്റെ ഫോൺ അടുക്കള വാതിലിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.