മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വൈകുന്നു,​ ഗവർണറെ കാണാനുള്ള നീക്കം എൻ.സി.പി - ശിവസേന- കോൺഗ്രസ് നേതാക്കൾ റദ്ദാക്കി

Saturday 16 November 2019 7:06 PM IST

മുംബയ് : മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി-ശിവസേന നേതാക്കൾ ഒരുമിച്ച് ഗവർണറെ കാണാനുള്ള നീക്കം അവസാന നിമിഷം റദ്ദാക്കി. സഖ്യവുമായി മുന്നോട്ട് പോവുന്ന കാര്യം ഗവർണറെ അറിയിക്കാനായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയാണ് ഉപേക്ഷിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാൽ ഉടൻ നീക്കം വേണ്ടെന്നാണ് തീരുമാനം.

മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിച്ചിട്ടില്ലെന്നാണ് മൂന്ന് പാർട്ടികളുടെയും ഔദ്യോഗിക നിലപാട്. സേനയുമായി സഹകരിക്കണോ എന്ന കാര്യത്തിൽ എൻ.സി.പിയുമായി ഇനിയും ചർച്ചകൾ വേണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് പറയുന്നു. എന്നാൽ സഖ്യം രൂപീകരിക്കനുള്ള പൊതുമിനിമം പരിപാടിയുടെ കരട് മൂന്ന് പാർട്ടിയുടേയും സംസ്ഥാനനേതാക്കൾ ഒരുമിച്ചിരുന്ന് തയ്യാറാക്കി. ഇതിന് പിന്നാലെയാണ് ഗവർണറെ കാണാൻ തീരുമാനിച്ചത്.

എന്നാൽ പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം കൊടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സോണിയാ ഗാന്ധിയും പവാറും നാളെ ചർച്ച നടത്താനിരിക്കുകയാണ്. എന്നാൽ കൂടിക്കാഴ്ച ഉപേക്ഷിച്ചതല്ലെന്നും മാറ്റിവച്ചതാണെന്നും മൂന്ന് പാർട്ടികളുടെയും നേതാക്കൾ പറയുന്നത്.