ഡൽഹിയിൽ കോൺഗ്രസിന്റെ മഹാറാലി 30ന്

Sunday 17 November 2019 12:14 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഈ മാസം 30ന് ഡൽഹി രാംലീലാ മൈതാനിയിൽ ഭാരത് ബച്ചാവോ(ഇന്ത്യയെ രക്ഷിക്കൽ) മഹാറാലി സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. ഇന്നലെ ഡൽഹിയിൽ ചേർന്ന എ.ഐ.സി.സി ഭാരവാഹികളുടെയും പി.സി.സി അദ്ധ്യക്ഷൻമാരുടെയും പോഷക സംഘടന നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ വീഴ്‌ചകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും തുറന്നു കാട്ടുമെന്ന് യോഗ തീരുമാനം അറിയിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വക്താവ് രൺദീപ് സിംഗ് സുർജെവാലയും പറഞ്ഞു.