ഓർമ്മകളിൽ ജയൻ വസന്തം, മരിക്കാത്ത ഓർമ്മകൾക്ക് 39 വർഷം
തേങ്ങുന്ന മനസുമായി അന്ന് കൊല്ലത്തേക്കൊഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. 39 വർഷം മുമ്പുള്ള നവംബർ 17. സിനിമ പ്രേമികളുടെ ആവേശവും ഹരവുമായി സ്ക്രീനുകളിൽ മിന്നി ജ്വലിച്ചു നിന്ന ജയൻ എന്ന മഹാനടന്റെ ഭൗതികദേഹം കൊല്ലത്തെത്തിയത് ആ ദിവസമായിരുന്നു. തലേന്ന് മദ്രാസിലെ ഷോളാവാരത്ത് ഒരു സിനിമ ഷൂട്ടിംഗിനിടെ നടന്ന അപകടത്തിലായിരുന്നു അദ്ദേഹം യാത്രയായത്.
കൊല്ലം തേവള്ളിയിൽ ജനിച്ച കൃഷ്ണൻ നായരായിരുന്നു പിന്നീട് മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത സൂപ്പർസ്റ്റാറായ ജയനായി മാറിയത്. ഒരു വെള്ളിനക്ഷത്രം പോലെ ഉദിച്ചുയർന്ന് അകാലത്തിൽ പൊലിഞ്ഞുപോയ വെറുമൊരു നടൻ മാത്രമായിരുന്നില്ല അദ്ദേഹം. അനുഗ്രഹീത നടന്മാർ മലയാള സിനിമയിൽ എക്കാലവും ഉണ്ടായിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിന് ലഭിച്ച സ്നേഹത്തിന്റെയും ആദരത്തിന്റെയും കണക്കെടുത്താൽ ജയൻ ജയൻ മാത്രമാണെന്ന് തിരിച്ചറിയാം.
ജന്മനാടായ കൊല്ലത്ത് അദ്ദേഹത്തിന് ആകെയുള്ള സ്മാരകം തേവള്ളിയിലെ കുടുംബവീടിന് സമീപം നിർമ്മിച്ച ഒരു പൂർണകായ പ്രതിമ മാത്രമാണ്. ഇന്ന് ആ കുടുംബ വീടും ഇല്ല. ലക്ഷക്കണക്കായ ആരാധക ഹൃദയങ്ങളിൽ ജയന്റെ ഓർമ്മകൾ ഇപ്പോഴും ഒളിമങ്ങാതെ നിലനിൽക്കുന്നുവെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്മാരകം. ജയനെ അടുത്തറിഞ്ഞവർ ആ സാന്നിദ്ധ്യത്തെ വിലയിരുത്തിയത് ഇങ്ങനെയാണ്. ആത്മാർത്ഥത, കഠിനാദ്ധ്വാനം, കൃത്യനിഷ്ഠ, വടിവൊത്ത ശരീരഘടന. എല്ലാറ്റിലും ഉപരിയായി പൗരുഷം തുളുമ്പുന്ന ഭാവങ്ങൾ.
ജന്മം കൊണ്ട് കൊല്ലത്തുകാരനെങ്കിലും നാടുമായിട്ട് ജയന്റെ അടുപ്പം തീരെ കുറവായിരുന്നു. കൊല്ലം തേവള്ളി കൊട്ടാരം വീട്ടിൽ മാധവൻപിള്ള- ഭാരതിയമ്മ ദമ്പതികളുടെ മകനായിട്ടായിരുന്നു ജനനം. കൊല്ലം ഗവ. ബോയ്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ നാവികസേനയിൽ ഉദ്യോഗസ്ഥനായി പോയ കൃഷ്ണൻനായരെയായിരുന്നു നാട്ടുകാർക്കും സഹപാഠികൾക്കും പരിചയം. ഒരു മനുഷ്യന്റെ രണ്ടാം ജന്മമെന്ന പോലെ 35-ാം വയസിൽ കൃഷ്ണൻ നായരുടെ സിനിമ അരങ്ങേറ്റം സംഭവിച്ചു. നാവികസേനയിൽ നിന്ന് വിരമിച്ച കൃഷ്ണൻനായർ മലയാള സിനിമയിൽ സ്റ്രണ്ട് മാസ്റ്ററായി തുടക്കം കുറിച്ചു. പതിയെ പതിയെ ചെറിയ വേഷങ്ങളിലേക്കും. 1976 ൽ സംവിധായകൻ ജേസി 'ശാപമോക്ഷം" സിനിമയിൽ ശ്രദ്ധേയ വേഷം നൽകിയതാണ് വഴിത്തിരിവായത്.
കൃഷ്ണൻ നായർക്ക് മലയാള സിനിമയിൽ ബ്രേക്കായി മാറിയത് ഹരിഹരന്റെ 'പഞ്ചമി" യിലെ ഫോറസ്റ്റ് റേഞ്ചറുടെ വേഷമാണ്. അതോടെയാണ് കൃഷ്ണൻ നായർ ജയനായി മാറിയത്. പിന്നീട് ജയനെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്ത 'ശരപഞ്ജരം" വൻ ഹിറ്റായതോടെ ജയൻ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. പ്രേംനസീർ നിത്യഹരിത നായകനായി നിന്നിരുന്ന കാലത്തായിരുന്നു ഇതെന്നോർക്കണം. പ്രേംനസീർ തന്നെ പല സിനിമകളിലേക്കും ജയനെ ശുപാർശ ചെയ്യാൻ തുടങ്ങിയത് ജയന്റെ എളിമയാർന്ന സ്വഭാവ വിശേഷം കൊണ്ടായിരുന്നു.
സൂപ്പർ സ്റ്റാർ എന്ന പദപ്രയോഗം ഇല്ലാതിരുന്ന അക്കാലത്ത് ജയൻ ലക്ഷക്കണക്കിന് ആരാധകരുടെ സൂപ്പർ സ്റ്രാറായി മാറി. അക്കാലത്ത് മലയാളത്തിലെ ഒന്നാംകിട സംവിധായകരായിരുന്ന ഐ.വി ശശി, ശ്രീകുമാരൻ തമ്പി, പി. ചന്ദ്രകുമാർ, ബേബി, ഹരിഹരൻ, എ.ബി രാജ്, വിജയാനന്ദ് തുടങ്ങിയവരുടെ സിനിമകളിലെല്ലാം ജയനായിരുന്നു നായകൻ. അങ്ങാടി, മീൻ, കരിമ്പന, കാന്തവലയം, തടവറ, പുതിയ വെളിച്ചം, നായാട്ട്, ഇടിമുഴക്കം, ഇരുമ്പഴികൾ, ചന്ദ്രഹാസം, ലൗ ഇൻ സിങ്കപ്പൂർ, കഴുകൻ, ലിസ, ശക്തി, ആവേശം തുടങ്ങിയ ജയൻ ചിത്രങ്ങളെല്ലാം വൻഹിറ്റുകളായിരുന്നു. ജയിംസ് ബോണ്ട് ചിത്രങ്ങളോട് കിടപിടിക്കുന്ന ആക്ഷൻ ചിത്രങ്ങളായിരുന്നു ഇതിൽ പലതും. താരത്തിന്റെ ഡേറ്റിനനുസരിച്ച് സിനിമ നിർമ്മിക്കുന്ന രീതി അന്ന് ജയന് മാത്രമുള്ളതായിരുന്നു. മലയാള സിനിമയിൽ ഒരു നായകനടന്റെ റേറ്റിംഗ് അന്ന് ജയനോളം മറ്റൊരു നടനും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കേവലം എട്ടു വർഷങ്ങൾ മാത്രം മലയാള സിനിമയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സിനിമാ ഡയലോഗുകൾ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടത് തന്നെ. എന്തു വെല്ലുവിളിയെയും നേരിടാനുള്ള ചങ്കുറപ്പായിരുന്നു 'കോളിളക്കം" സിനിമയുടെ ഷൂട്ടിംഗിനിടെ ജയനെ അപകടത്തിൽപ്പെടുത്തിയത്. ഹെലികോപ്ടറിൽ തൂങ്ങി വില്ലനുമായി ഏറ്റുമുട്ടുന്ന രംഗം ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ തയ്യാറായതാണ് ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. അക്കാലത്ത് ഏതാണ്ട് 125 ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ ഏറെയും ഹിറ്റുകൾ. ഒരുകാലത്ത് ജയൻ സിനിമകൾ കാണാൻ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറിയ ആരാധകരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ജയനെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള പുത്തൻ തലമുറ വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ ഓർമ്മകളെ നെഞ്ചേറ്റി നടക്കുന്നുവെങ്കിൽ ജനമനസുകളിൽ ഇന്നും അദ്ദേഹത്തിന് മരണമില്ലെന്നതാണ് സത്യം.