ബാൽ താക്കറെയുടെ ചരമവാർഷിക ചടങ്ങിനെത്തി ഫഡ്‌നാവിസ്, എത്തിയത് ഉദ്ധവും ആദിത്യയും മടങ്ങിയ ശേഷം: ശ്രമം ശിവസേനയെ അനുനയിപ്പിക്കാനോ?

Sunday 17 November 2019 3:32 PM IST

മുംബയ്: അന്തരിച്ച ശിവസേന സ്ഥാപകനായ ബാൽ താക്കറെയുടെ ചരമവാർഷിക ചടങ്ങിൽ സംബന്ധിക്കാനെത്തി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബയിലെ ശിവാജി പാർക്കിൽ വച്ച് സംഘടിപ്പിച്ച ചരമവാർഷിക ചടങ്ങിനാണ് ബി.ജെ.പി നേതാക്കളായ വിനോദ് താവ്ഡെ, പങ്കജ മുണ്ടെ എന്നിവർക്കൊപ്പം ഫഡ്‌നാവിസ് എത്തിയത്. ശിവസേന തലവനായ ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇവിടേക്ക് എത്തിച്ചേർന്നത്. ബാൽ താക്കറെയ്ക്ക് ആദരമർപ്പിച്ച് ഫഡ്‌നാവിസ് ട്വീറ്റ് ചെയ്യുകയും ചെയ്തു. 'എനിക്ക് ഏറെ പ്രചോദനം നൽകുന്ന ബാലാസാഹിബ് താക്കറെയ്ക്ക് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ ആദരങ്ങൾ അർപ്പിക്കുന്നു.' ഫഡ്‌നാവിസ് മറാത്തിയിൽ ട്വീറ്റ് ചെയ്തു.

എൻ.സി.പി, കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളിൽ നിന്നുമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപാണ് സേന - ബി.ജെ.പി സഖ്യം വേർപിരിയുന്നത്. മഹാരാഷ്ട്രയിൽ ഇരു പാർട്ടികളും തമ്മിൽ നിലനിൽക്കുന്ന ഭിന്നിപ്പിന്റെ പ്രതിഫലനമായി ദേശീയ തലത്തിൽ ശിവസേന എൻ.ഡി.എ സഖ്യം വിട്ട് പുറത്തുവന്നിരുന്നു. ഒടുവിലെ വിവരമനുസരിച്ച് ശിവസേനയും. എൻ,സി.പിയും കോൺഗ്രസും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. സേനയുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിയായുള്ള ബി.ജെ.പി തന്ത്രങ്ങളുടെ ആദ്യപടിയാണ് ശിവസേന തലവന്റെ ചരമവാർഷിക ചടങ്ങിൽ സംബന്ധിച്ചുകൊണ്ടുള്ള ഈ നീക്കം എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ അടക്കം പറച്ചിൽ.