ശബരിമല തീർത്ഥാടക സംഘത്തെ വിടാതെ പിന്തുടർന്ന് തെരുവ് നായ: അതും 480 കിലോമീറ്റർ, അത്ഭുത സംഭവത്തിന്റെ വീഡിയോ

Monday 18 November 2019 12:24 PM IST

ബംഗളുരു: ശബരിമലയിൽ കാൽനടയായി തീർത്ഥാടനം നടത്തുന്ന സംഘത്തെ വിടാതെ പിന്തുടർന്ന് തെരുവുനായ. ഒക്ടോബർ 31ന് ആന്ധ്രാപ്രദേശിലെ തിരുമലയിൽ നിന്നും യാത്ര തിരിച്ച അയ്യപ്പഭക്തർക്ക് ഒപ്പമാണ് തെരുവുനായയും ചേർന്നത്. അതും ഒന്നും രണ്ടുമല്ല, 480 കിലോമീറ്ററാണ് തെരുവ് നായ ഇവർക്കൊപ്പം താണ്ടിയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യവും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ശബരിമല തീർത്ഥാടക സംഘത്തിൽ ആകെ 13 അംഗങ്ങളാണ് ഉള്ളത്. ഇന്നലെയാണ് ഇവർ കർണാടകയിലെ ചിക്കമംഗലൂരുവിലെ കൊട്ടിഗെഹാരയിൽ എത്തിയത്. അപ്പോഴേക്കും തീർത്ഥാടക സംഘവും നായയും 480 കിലോമീറ്ററുകൾ താണ്ടിയിരുന്നു. ഇതോടെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് വൈറലാകുകയുമായിരുന്നു. യാത്ര ആരംഭിക്കുമ്പോൾ നായ തങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല എന്നാണ് തീർത്ഥാടകർ പറയുന്നത്. തുടർന്നുള്ള യാത്രയിലാണ് ഇവർ നായയുടെ സാന്നിദ്ധ്യം മനസിലാക്കുന്നത്. യാത്രയിൽ ഉടനീളം തീർത്ഥാടകർ നൽകിയ ഭക്ഷണമാണ് നായ കഴിച്ചത്. ഇങ്ങനെയൊരു അനുഭവം ഇതുവരെ തങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നും അയ്യപ്പ ഭക്തജന സംഘം പറഞ്ഞു.