മുഖ്യമന്ത്രിപദം വിഭജിച്ച് നൽകാമെന്ന് നിർദ്ദേശം, മഹാരാഷ്ട്രയിൽ ശിവസേനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബി.ജെ.പി
മുംബയ് : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളെത്തുടർന്ന് ഇടഞ്ഞ് നിൽക്കുന്ന ശിവസേനയെ അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി എൻ.ഡി.എ ഘടകക്ഷിയായ ആർ.പി.ഐ. മൂന്ന് വർഷം ബിജെപിക്കും രണ്ട് വർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിച്ച് നൽകാമെന്ന നിർദ്ദേശവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തെവാല ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്‍ച നടത്തി. ബി.ജെ.പിക്ക് സമ്മതമാണെങ്കിൽ ഇക്കാര്യം ആലോചിക്കുമെന്ന് സഞ്ജയ് റാവത്ത് മറുപടി നൽകിയെന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ ബി.ജെ.പിയുമായും വിഷയം ചർച്ച ചെയ്യുമെന്നും അത്തെവാല പറഞ്ഞു.
അതേസമയം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ശരത് പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തി. സേനയുമായി സഖ്യമുണ്ടാക്കുന്നതിന് വേണ്ട പൊതു മിനിമം പരിപാടിയുടെ കരട് മൂന്ന് പാർട്ടികളുടേയും സംസ്ഥാന നേതാക്കൾ ഒരുമിച്ചിരുന്ന് തയാറാക്കിയിരുന്നു. മന്ത്രി സ്ഥാനങ്ങൾ എങ്ങനെ വിഭജിക്കണം എന്ന് വരെ ധാരണയായിരുന്നു. സോണിയ ഗാന്ധിയും ശരത് പവാറും തമ്മിലുള്ള കൂടിക്കാഴ‍്ചയ്ക്ക് പിന്നാലെ നിർണായകമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.