രാജ്യസഭയിൽ എൻ.സി.പിയെ പുകഴ്‌ത്തി മോദി

Tuesday 19 November 2019 1:58 AM IST

ന്യൂഡൽഹി: പാർലമെന്റ് നടപടികൾ സുഗമമായി നടക്കേണ്ടത് ജനാധിപത്യത്തിൽ പ്രധാനമാണെന്നും ഇക്കാര്യത്തിൽ എൻ.സി.പിയും ബി.ജെ.ഡിയും അഭിനന്ദനം അർഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

രാജ്യസഭ 250 സെഷൻ പൂർത്തിയാക്കിയ ഇന്നലെ 'ഇന്ത്യൻ രാഷ്‌‌ട്രീയത്തിൽ രാജ്യസഭയുടെ പങ്ക്, ഭാവി' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സഭാചട്ടങ്ങൾ പാലിക്കുന്നതിൽ എൻ.സി.പിയുടെയും ബി.ജെ.ഡിയുടെയും സംഭാവനകൾ അഭിനന്ദനമർഹിക്കുന്നു. അവരുടെ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങാറില്ല. എന്നാൽ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ഫലപ്രദമായി പറയുന്നു. ഇതിൽ നിന്നെല്ലാം പാർലമെന്റിലെ ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികളിലെ അംഗങ്ങൾക്ക് ഏറെ പഠിക്കാനുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

മഹാരാഷ്‌ട്രയിൽ എൻ.ഡി.എ സഖ്യകക്ഷിയായിരുന്ന ശിവസേനയ്‌ക്കൊപ്പം സർക്കാർ രൂപീകരണത്തിന് എൻ.സി.പി ശ്രമിക്കുന്നതിനിടെയാണ് ആ പാർട്ടിയെ പ്രധാനമന്ത്രി പുകഴ്‌ത്തിയത്. എൻ.സി.പി നേതാവ് ശരത് പവാർ മഹാരാഷ്‌ട്ര വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണാൻ ഇന്നലെ ഡൽഹിയിലുണ്ടായിരുന്നു.