എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണ് : ജമ്മു കാശ്മീർ ഭരണകൂടത്തോട് സുപ്രീം കോടതി

Friday 22 November 2019 1:07 AM IST

ന്യൂഡൽഹി : കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഹർജിക്കാർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണമെന്ന് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു നിർദേശിച്ചു. ഹർജികളിൽ ഉന്നയിച്ച ചില ചോദ്യങ്ങൾ അപ്രസക്തവും തെറ്റുകൾ നിറഞ്ഞതുമാണെന്ന സോളിസിറ്റർ ജനറലിന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്. അക്കാരണത്താൽ എല്ലാ ചോദ്യങ്ങൾക്കും രേഖാമൂലം മറുപടി നൽകാനാവില്ലെന്നും വാദത്തിനിടെ വാക്കാൽ വ്യക്തത വരുത്താമെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, അത്തരം വാദങ്ങൾക്കായി തങ്ങൾക്ക് സമയമില്ലെന്നും എല്ലാ ചോദ്യങ്ങൾക്കും സർക്കാർ മറുപടി നൽകേണ്ടതാണെന്നും ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായി എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് വിശദമാക്കി. കേസിലെ കക്ഷികൾ വളരെ വിശദമായാണ് വാദങ്ങൾ ഉന്നയിച്ചിട്ടുള്ളത്. അതിന് കേന്ദ്രം നൽകിയ മറുപടി തൃപ്തികരമല്ല. കേസിൽ കേന്ദ്രം ഗൗരവം കാട്ടുന്നില്ല എന്ന തോന്നൽ ഉണ്ടാക്കരുതെന്നും കോടതി നിരീക്ഷിച്ചു.