എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന വാൻ തട്ടിയെടുത്ത് 80 ലക്ഷം കവർന്നു
ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിറയ്ക്കാനുള്ള പണവുമായ പോയ വാൻ ആയുധധാരികളായെത്തിയ അക്രമ സംഘം തട്ടിക്കൊണ്ട് പോയി 80 ലക്ഷം രൂപ കവർന്നു. വാനിലുണ്ടായിരുന്ന സെക്യൂരിറ്റിയേയും ഡ്രൈവറേയും മോഷ്ടാക്കൾ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് അവശരാക്കി ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12.30ന് ഡൽഹി ദ്വാരക സെക്ടർ ആറിൽ മണിപ്പാൽ ഹോസ്റ്റലിന് സമീപമാണ് വൻ മോഷണം അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : ദ്വാരക സെക്ടിലെ എ.ടിഎമ്മിൽ പണം നിറയ്ക്കാനായി ഉദ്യോഗസ്ഥർ പോയ തക്കംനോക്കിയാണ് മോഷ്ടാക്കൾ ജീവനക്കാരെയടക്കം വാൻ തട്ടിയെടുത്തത്. ആ സമയം വാനിൽ 1.52 കോടി രൂപ ഉണ്ടായിരുന്നു. എ.ടി.എമ്മിൽ പണം നിറച്ച് അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയ ഉദ്യോഗസ്ഥർ പണമടങ്ങിയ വാൻ, സെക്യൂരിറ്റി, ഡ്രൈവർ എന്നിവരെ കാണാതായതോടെ ബാങ്കിൽ വിവരം അറിയിക്കുകയായിരുന്നു. ബാങ്ക് അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്.പൊലീസ് നടത്തിയ അന്വേഷണത്തിൽ ദ്വാരക സെക്റ്റർ 11ലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വാൻ കണ്ടെത്തുകയായിരുന്നു. വാനിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയ സെക്യൂരിറ്റിയേയും ഡ്രൈവറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മോഷ്ടാക്കൾ ജീവനക്കാരേയും വാഹനത്തേയും കടത്തിയശേഷം പണം അപഹരിച്ച്, ജീവനക്കാരെ മർദ്ദിച്ച് അവശരാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടതായും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.