‘ഫോർഗറ്റ് ഇറ്റ്‘, കേരള എൻ.സി.പി ഘടകത്തോട് മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന സർക്കാരിനൊപ്പം ഉറച്ചുനിൽക്കുമെന്ന് തോമസ് ചാണ്ടി

Saturday 23 November 2019 5:49 PM IST

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ എൻ.സി.പി ബി.ജെ.പിയെ പിന്തുണച്ചതിൽ എൻ.സി.പി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രിയും ഇടതുമുന്നണി കൺവീനറും വിശദീകരണം തേടി. എന്നാൽ, മഹാരാഷ്ട്രയിലെ ബി.ജെ.പി ബന്ധം കേരളത്തിലെ ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് എൻ.സി.പി കേരള ഘടകം വ്യക്തമാക്കി. അജിത്ത് പവാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതാംഭരൻ മാസ്റ്റർ ആവശ്യപ്പെട്ടു. പാർട്ടി പിണറായി സർക്കാരിനൊപ്പം ഉറച്ചുനിൽക്കുമെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ വാർത്തയറിഞ്ഞ ഉടനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെവിളിച്ചെന്ന് തോമസ് ചാണ്ടി പറഞ്ഞു. അജിത് പവാർ കുറച്ച് എം.എൽ.എമാരെ അടർത്തിക്കൊണ്ട് പോയതാണെങ്കിൽ ‘ഫോര്‍ഗെറ്റ് ഇറ്റ്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി. അല്ലെങ്കിൽ ഇക്കാര്യം വിശദീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ അട്ടിമറിയ്ക്കുത്തരവാദി കോൺഗ്രസാണെന്ന് തോമസ് ചാണ്ടി ആരോപിച്ചു. കെ.സി വേണുഗോപാൽ അടക്കമുള്ളവർക്കെതിരെയും വിമർശനമുണ്ടായി.