ഹൈടെക്ക് ആകാൻ ഒരുങ്ങി കിളിമാനൂർ സ്കൂൾ
കിളിമാനൂർ: ഒരോ വർഷത്തെയും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ വിജയശതമാനത്തിലും ആകെ എ പ്ലസുകളുടെ കാര്യത്തിലും ജില്ലയിൽ രണ്ടാം സ്ഥാനം, ജില്ലാ - സംസ്ഥാന കായിക കലോത്സവങ്ങളിൽ മികച്ച പ്രകടനം, എയിഡഡ്- അൺ എയിഡഡ് സ്കൂളുകളെ വെല്ലുന്ന അക്കാഡമിക് മികവ്. പറഞ്ഞു വരുന്നത് കിളിമാനൂർ ഗവ. എച്ച്.എസ്.എസിനെ കുറിച്ചാണ്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വർഷവും നൂറു കണക്കിന് കുട്ടികളുടെ വർദ്ധനവാണ് ഇവിടെയുണ്ടാകുന്നത്. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു സ്കൂൾ.
പല ക്ലാസുകളും സ്കൂൾ ഓഡിറ്റോറിയത്തിലും, തകര ഷെഡുകളിലും ഒക്കെയായിരുന്നു നടത്തിയിരുന്നു. ഓഡിറ്റോറിയത്തിൽ എന്തെങ്കിലും പരിപാടികൾ സംഘടിപ്പിച്ചാൽ കുട്ടികൾക്ക് അവധി കൊടുക്കാനേ നിവർത്തിയുള്ളൂ. ഈ സാഹചര്യങ്ങൾക്ക് ഇപ്പോൾ പരിഹാരമാവുകയാണ്. അക്കാഡമിക് കാര്യങ്ങളിൽ മികവ് പുലർത്തുമ്പോഴും ഭൗതിക സാഹചര്യങ്ങളിൽ വീർപ്പുമുട്ടുന്ന സ്കൂളിന്റെ അവസ്ഥ ബി. സത്യൻ എം.എൽ.എ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും കിഫ്ബി ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ അനുവദിക്കുകയുമായിരുന്നു. ഇതിന്റെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. കെട്ടിടം കൂടി പണി കഴിയുന്നതോടെ ജില്ലയിലെ അക്കാഡമിക് കാര്യങ്ങളിൽ മാത്രമല്ല ഭൗതിക സാഹചര്യങ്ങളിൽ കൂടി മികവ് പുലർത്തുന്ന ഒന്നാമത്തെ സ്കൂളാകും ഇത്.