ശക്തി പ്രകടന 'മത്സരത്തിൽ ' ജോസ് -ജോസഫ് വിഭാഗങ്ങൾ

Monday 02 December 2019 12:35 AM IST

കോട്ടയം: രണ്ടില ചിഹ്നം കൈക്കലാക്കുന്നതിൽ ആദ്യ വിജയം നേടിയ ആഹ്ളാദത്തിൽ .കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം.. രണ്ടില തിരിച്ചുപിടിക്കാനുള്ള കരുനീക്കങ്ങളുമായി ജോസ് , വിഭാഗവും..ഇതിനിടെ, ശക്തി പ്രകടനം നടത്തി കരുത്തു തെളിയിക്കാനുള്ള മത്സരവും ഇരു വിഭാഗവും ആരംഭിച്ചു..

കെ.എം.മാണിയുടെ തട്ടകമായ പാലായിൽ ജോസഫ് വിഭാഗം മണ്ഡലം കൺവെൻഷൻ നടത്തിയപ്പോൾ ജോസഫിന്റെ വലം കൈയായ മോൻസ് ജോസഫിന്റെ മണ്ഡലമായ കടുത്തുരുത്തിയിലായിരുന്നു ജോസ് വിഭാഗത്തിന്റെ ശക്തി പ്രകടനം. മാണിയുടെ തട്ടകമായ പാലായിൽ ജോസഫ് വിഭാഗം ഓഫീസും തുടങ്ങി.

തദ്ദേശ സ്ഥാപനങ്ങളിലേക്കു രണ്ടിടത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം അനുവദിച്ചത് ജോസഫിനാണ് . ജോസിന്റെ സ്ഥാനാർത്ഥിയും മത്സരരംഗത്തുണ്ട്. ഒരു ഗ്രൂപ്പിനെ പിന്തുണച്ചാൽ പ്രശ്നമാവുമെന്നത് യു.ഡി.എഫിന് തലവേദനയായി.. ചിഹ്നം കിട്ടിയതോടെ, തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച പാർട്ടി തങ്ങളടേതാണെന്ന പ്രചാരണവുമായി പാർട്ടി പിടിച്ചെടുക്കനുള്ള നീക്കത്തിലാണ് ജോസഫ് .. എന്നാൽ, രണ്ട് എം.പിമാരും കൂടുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമുള്ള തങ്ങൾക്ക് ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് ജോസിന്റെ പ്രഖ്യാപനം.

'ജോസ് കെ മാണി കടുത്തുരുത്തിയിലല്ല പാലായിലായിരുന്നു ശക്തി തെളിയിക്കേണ്ടത്. രണ്ടില ചിഹ്നം ഞങ്ങൾക്കാണ് ഇലക്ഷൻ കമ്മീഷൻ അനുവദിച്ചത്. . വ്യാജ ഒപ്പും സീലും ഉപയോഗിച്ചു പാർട്ടി പിടിക്കാനുള്ള ജോസിന്റെ നീക്കം പൊളിഞ്ഞു '.. .

-പി.ജെ.ജോസഫ്

'പാർട്ടിയെ കേരളകോൺഗ്രസ് (ജെ) ആക്കാൻ ജോസഫിനെ അനുവദിക്കില്ല. കുതന്ത്രങ്ങളിലൂടെ പ്രവർത്തകരെ വിലയ്ക്കെടുക്കാമെന്ന ഒറ്റുകാരുടെ മോഹങ്ങൾക്ക് ആയുസുണ്ടാവില്ല '.

-ജോസ് കെ മാണി