ഇംഗ്ലീഷ് വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബ്ബ..ബ്ബ... രണ്ട് വാക്കുപോലും വായിക്കാനറിയാത്ത സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയെ കൈയോടെ പൊക്കി ജില്ലാ മജിസ്ട്രേറ്റ്,വീഡിയോ

Tuesday 03 December 2019 2:01 PM IST

ലക്നൗ: ഇംഗ്ലീഷ് അദ്ധ്യാപികയോട് ഇംഗ്ലീഷ് പാഠപുസ്തകം വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബ..ബ്ബ..ബ്ബ... ഉത്തർപ്രദേശിൽ ഉന്നാവോ ജില്ലയിലെ സിക്കന്ദർപുർ സരയുവിലെ സർക്കാർ സ്കൂളിലാണ് ഇത്രയും പണ്ഡിതയായ അദ്ധ്യാപിക ജോലിനോക്കുന്നത്. കഴിഞ്ഞദിവസം സ്കൂളിൽ സന്ദർശനത്തിനെത്തിയ ജില്ലാ മജിസ്ട്രേറ്റ് നടത്തിയ പരിശോധനിലാണ് രണ്ടുവരി ഇംഗ്ലീഷുപോലും നേരേചൊവ്വേ വായിക്കാനറിയാത്ത ഇംഗ്ളീഷ് അദ്ധ്യാപികയെ പൊക്കിയത്.

മുൻകൂട്ടി അറിയിക്കാതെയാണ് ജില്ലാ മജിസ്ട്രേറ്റ് സ്കൂളിലെത്തിയത്. വന്നപാടെ ഒരു ക്ളാസിൽ കയറിയ അദ്ദേഹം കുട്ടികളോട് ഇംഗ്ലീഷ് പാഠപുസ്തകം വായിക്കാൻ ആവശ്യപ്പെട്ടു. ഇൗ സമയം ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു ക്ളാസിലുണ്ടായിരുന്നത്. ഒറ്റകുട്ടിക്കുപോലും ഇംഗ്ലീഷ് വായിക്കാനറിയില്ലെന്ന് കണ്ട് ജില്ലാ മജിസ്ട്രേറ്റ് ഞെട്ടി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ അദ്ധ്യാപികയ്ക്ക് കഴിഞ്ഞില്ല. ഇതിനെത്തുടർന്നാണ് അദ്ധ്യാപികയോട് പുസ്തകം വായിക്കാൻ ആവശ്യപ്പെട്ടത്. ഇതോടെ പരുങ്ങലിലായ അദ്ധ്യാപിക വായിച്ചതുമുഴുവൻ തെറ്റായിരുന്നു. ചെറിയ ചില വാക്കുകളുടെ ഉച്ചാരണം പോലും അവർക്ക് അറിയില്ലായിരുന്നു. തുടർന്ന് അദ്ധ്യാപികയെ എത്രയുംപെട്ടെന്ന് സസ്പെൻഡുചെയ്യാൻ ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. സസ്പെൻഷൻ ഒഴിവാക്കാൻ ചില ന്യായവാദങ്ങൾ അദ്ധ്യാപിക നിരത്തിയെങ്കിലും അതൊന്നും മജിസ്ട്രേറ്റ് ചെവിക്കൊണ്ടില്ല.

മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടികൾ കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം. അദ്ധ്യാപിക വായിക്കാൻ കഷ്ടപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് നേരത്തേതന്നെ ആക്ഷേപങ്ങളുണ്ട്.