ആദ്യം കൗതുകം,​ എന്നാൽ കടുവ വാഹനത്തെ പിന്തുടർന്നതോടെ പേടിച്ച് വിറച്ചു, ജീപ്പിലുള്ളവർക്ക് ജീവൻ തിരിച്ച് കിട്ടിയത് തലനാരിഴയ്ക്ക്: വീഡിയോ വൈറൽ

Tuesday 03 December 2019 3:35 PM IST

ജയ്ർപൂർ: വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടുവയോ,സിംഹമോ മുന്നിൽ വരുന്നത് മിക്ക വിനോദ സഞ്ചാരികൾക്കും അവിസ്മരണീയമായ അനുഭവമായിരിക്കാം. എന്നാൽ കടുവ വാഹനത്തെ പിന്തുടരാൻ തുടങ്ങിയാൽ എന്ത് ചെയ്യും. അത്തരത്തിലൊരു ഞെട്ടൽ അനുഭവമാണ് രാജസ്ഥാനിലെ ചില വിനോദസഞ്ചാരികൾക്ക് ഉണ്ടായത്. സവായ് മാധോപൂരിലെ രൺതമ്പോർ ദേശീയ ഉദ്യാനത്തിൽ ഞായറാഴ്ചയാണ് സംഭവം.

കടുവ വാഹനം പിന്തുടരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡീയോയിൽ കടുവ ഒരു ടൂറിസ്റ്റ് ജീപ്പിന്റെ പിന്നാലെ ഓടുന്നതായി കാണാം. ഡ്രൈവർ അതിനെ മറികടക്കുന്നതിനുള്ള ശ്രമത്തിൽ വേഗത കൂട്ടുമ്പോൾ പോലും കടുവ പിൻവാങ്ങാൻ തയ്യാറാകുന്നില്ല.

കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിൽ ഒരു കടുവ വിനോദസഞ്ചാര വാഹനത്തിന് പിന്നാലെ ഒാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സംഭവത്തിന് ശേഷം വനമേഖലയിലെ വന്യജീവികളിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ ദൂരം നിലനിർത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഡ്രൈവർമാരോടും ടൂറിസ്റ്റ് ഗൈഡുകളോടും ആവശ്യപ്പെട്ടിരുന്നു.