120 പേരെ നിങ്ങൾ കൊന്നില്ലേ?​ രാജ്യസഭയിൽ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

Tuesday 03 December 2019 7:34 PM IST

ന്യൂഡൽഹി: രാജ്യസഭയിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. എസ്.പി.ജി സുരക്ഷയുമായി ബന്ധപ്പെട്ട് ചർച്ചക്കിടെയായിരുന്നു അമിത്ഷായുടെ വിവാദ പരാമർശം. കേരളത്തിലെ 120 ബി.ജെ.പി പ്രവർത്തകരെ ഇടതുപക്ഷം വധിച്ചെന്ന ആരോപണമാണ് അമിത് ഷാ ഉയർത്തിയത്. കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷാ വീഴ്ച്ചയും എസ്.പി.ജി സുരക്ഷാ ഭേദഗതിയെ എതിർത്തും സി.പി.എം ഇന്ന് രംഗത്തെത്തി. ഇതിലൂടെ സർക്കാർ എന്താണ് ഉന്നം വെക്കുന്നതെന്നാണ് സി.പി.ഐ.എം അംഗം കെ.കെ രാഗേഷ് സഭയിൽ ചോദിച്ചത്.

ഇതിന് മറുപടിയുമാണ് അമിത് ഷാ രംഗത്തെത്തിയത്. രാഷ്ട്രീയ പകപോക്കലിനെ കുറിച്ച് പറയാൻ ഇടതുപക്ഷത്തിന് അവകാശമില്ല. കേരളത്തിൽ ബി.ജെ.പിയുടെ 120 പ്രവർത്തകരെ വധിച്ചവരാണ് ഇടതുപക്ഷം. കോൺഗ്രസ് വരുമ്പോഴും സി.പി.എം വരുമ്പോഴും കേരളത്തിൽ ബി.ജെ.പി പ്രവർത്തകരെ വധിക്കുകയായിരുന്നു.- അമിത് ഷാ പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ പ്രതിഷേധവുമായി അംഗങ്ങൾ എഴുന്നേറ്റ് നിന്നു. കെ.കെ രാഗേഷ് എം.പി നടുത്തളത്തിലിറങ്ങി. തുടർന്ന് അമിത് ഷായുടെ വാക്കുകൾ സഭാ രേഖയിലുണ്ടാകില്ലെന്ന് ഡെപ്യൂട്ട് സ്പീക്കർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചു.