ക്രൈം ത്രില്ലർ നോവൽ - 'റെഡ്: 203'

Wednesday 04 December 2019 2:11 PM IST

ഫോണിന്റെ ഡിസ്‌പ്ളേയിലേക്കും ആ മനുഷ്യന്റെ മുഖത്തേക്കും മാറിമാറി നോക്കി സി.ഐ അലിയാർ.

അയാളുടെ മുഖം കടലാസുപോലെ വിളറുന്നത് നിലാവെളിച്ചത്തിലും അലിയാർ തിരിച്ചറിഞ്ഞു.

''ഞാൻ കോൾ എടുക്കാൻ പോകുകയാ. നിന്റെ നാവിൽ നിന്ന് ഒരു ശബ്ദമെങ്കിലും പുറത്തുവന്നാൽ പിന്നെ നീയില്ല. കൊന്ന് ഈ കരിമ്പുഴയിലേക്കു വലിച്ചെറിയും ഞാൻ."

പറഞ്ഞുകൊണ്ട് അലിയാർ അയാളെ പാലത്തിന്റെ കൈവരിയിലേക്ക് അമർത്തി. അയാളുടെ അരക്കെട്ടിനു മുകൾ ഭാഗം പാലത്തിനപ്പുറത്തെ ശൂന്യതയിലേക്ക് ആകത്തക്ക വിധത്തിൽ.

പിന്നെ കാലുയർത്തി പുറത്ത് ചവുട്ടിപ്പിടിച്ചു.

ശേഷം റിസീവിംഗ് ബട്ടൻ പ്രസ് ചെയ്ത് കാതിൽ അമർത്തി.

''എന്തെടാ ഫോണെടുക്കാൻ ഇത്രയും താമസം?"

അപ്പുറത്തുനിന്ന് അലിയാർ പരിചയിച്ചിട്ടുള്ള ഒരു ശബ്ദം കേട്ടു.

ചോണനുറുമ്പുകൾ ശരീരമാകെ ഇഴഞ്ഞതു പോലെ അലിയാർ ഒന്നു പുളഞ്ഞു. പക്ഷേ മിണ്ടിയില്ല.

അപ്പുറത്തുനിന്ന് ശകാരവർഷം തുടർന്നുകൊണ്ടിരുന്നു ഏതാണ്ട് ഒരു മിനിട്ടോളം.

അവസാനം പറഞ്ഞു നിർത്തിയത് ഇങ്ങനെ...

''നീ മിണ്ടാതെ നിന്നിട്ടു കാര്യമില്ല... അലിയാർ. അവനെ തീർത്തിരിക്കണം. അല്ലെങ്കിൽ രഹസ്യത്തിന്റെ കുഴിമാടം മാന്തിപ്പൊളിച്ച് അവൻ വരും. എനിക്കുറപ്പാ... ഇപ്പത്തന്നെ അവന് എന്നെക്കുറിച്ച് ചില സംശയങ്ങൾ ഉള്ളതുപോലെ തോന്നുന്നുണ്ട്. മനസ്സിലായോ? നിനക്ക് ഞാൻ തരുന്ന ഡെഡ്‌ലൈൻ... ഇരുപത്തിനാലു മണിക്കൂർ. അതിനുള്ളിൽ അവന്റെ ഖബറടക്കം നടന്നിരിക്കണം."

കാൾ മുറിഞ്ഞു.

അലിയാരുടെ മുഖത്ത് വിയർപ്പുകണങ്ങൾ പൊടിഞ്ഞു. അത് ഒന്നു ചേർന്നു താഴേക്കൊഴുകി.

അയാളുടെ ഫോൺ തന്റെ പോക്കറ്റിൽ തിരുകിയിട്ട് അയാളുമായി അലിയാർ ബൊലേറോയ്ക്കു നേരെ നടന്നു.

******

വടക്കേ കോവിലകം.

നല്ല ഉറക്കത്തിലായിരുന്നു കിടാക്കന്മാർ. ചന്ദ്രകലയും പ്രജീഷും ഉറങ്ങാറുണ്ടായിരുന്ന മുറിയിലായിരുന്നു ഇരുവരും.

പെട്ടെന്ന് ആരോ വാതിലിൽ തട്ടി. ഇരുവരും ഞെട്ടിയുണർന്നു.

പരിസരബോധം വിട്ടുകിട്ടുവാൻ അല്പസമയമെടുത്തു.

''ചേട്ടാ...."

ഇരുട്ടിൽ ശ്രീനിവാസകിടാവ് അനുജൻ ശേഖരന്റെ പതിഞ്ഞ ശബ്ദം കേട്ടു.

അയാൾ ഒന്നു മൂളി.

''വാതിൽ തുറക്കണോ. പുറത്ത് പോലീസാണെങ്കിലോ?"

പെട്ടെന്നൊരു മറുപടി പറയുവാൻ കഴിഞ്ഞില്ല കിടാവിന്.

വാതിലിൽ തട്ട് തുടരുകയാണ്. അനുനിമിഷം അതിനു ശക്തി കൂടിവന്നു. ഇപ്പോൾ വാതിൽ പൊളിഞ്ഞു വീഴും എന്നു തോന്നി.

ഇരുവരും കിടക്കയിൽ എഴുന്നേറ്റിരുന്നു.

ആ നിമിഷം നടുത്തളത്തിൽ ലൈറ്റ് തെളിഞ്ഞെന്നു മനസ്സിലായി. താക്കോൽ പഴുതിലൂടെ കടന്നുവന്ന വെളിച്ചം ഒരു പൊട്ടായി എതിർഭാഗത്തെ ഭിത്തിയിൽ തറഞ്ഞുനിന്നു.

ശേഖരൻ എഴുന്നേറ്റ് വാതിൽക്കലേക്കു നീങ്ങി. താക്കോൽ പഴുതിലൂടെ പുറത്തേക്കു നോക്കി.

അടുത്ത സെക്കന്റിൽ അയാൾ ഞെട്ടി പിന്നോക്കം മാറി...

നടുത്തളത്തിൽ അസംഖ്യം ആളുകൾ.. കരിമ്പടം പുതച്ചവർ..

''നിങ്ങൾ വാതിൽ തുറക്കുന്നുണ്ടോ. അതോ ഞങ്ങൾ പൊളിക്കണോ?"

പുറത്ത് കല്ലുകൾ കൂട്ടി ഉരസും പോലെ ഒരു ശബ്ദം!

കിടാക്കന്മാർ അടിമുടി വിറച്ചു.

പുറത്ത് അട്ടഹാസങ്ങളും പൊട്ടിച്ചിരികളും...

''കോവിലകത്തെ നിധി എടുത്തുകൊണ്ട് പോകുവാൻ വന്നിരിക്കുകയാണ്. അല്ലേ? നിങ്ങൾ എടുക്കത്തുമില്ല... കൊണ്ടുപോകത്തുമില്ല. ഇനി ഇവിടെത്തന്നെ നിങ്ങളുടെ അന്ത്യം."

വാക്കുകൾക്ക് അലറിച്ചിരികളുടെ അകമ്പടി!

തങ്ങൾക്കു ശ്വാസം വിങ്ങുന്നതുപോലെ തോന്നി കിടാക്കന്മാർക്ക്.

പുറത്തുള്ളവർ വാതിൽ പൊളിച്ച് അകത്തേക്കു വരികയോ തങ്ങൾ വാതിൽ തുറന്ന് പുറത്തേക്കു പോകുകയോ ചെയ്താൽ ഫലം ഒന്നുതന്നെയാകും.

തങ്ങളുടെ അന്ത്യം!

ഏതായാലും വാതിൽ തുറക്കുന്നില്ല എന്നുതന്നെ അവർ തീരുമാനിച്ചു.

പിന്നെയും കുറേ നേരം വാതിലിൽ തട്ടുന്നതും അട്ടഹാസങ്ങളും തുടർന്നു....

ശേഷം എപ്പോഴോ ശബ്ദങ്ങൾ നിലച്ചു. ലൈറ്റുകൾ അണഞ്ഞു.

ആ രാത്രി പിന്നീട് കിടാക്കന്മാർക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല...

നേരം നന്നെ പുലർന്നു.

സംശയത്തോടെ ശേഖരൻ വാതിൽപ്പാളി അല്പം തുറന്ന് പുറത്തേക്കു തല നീട്ടി.

അവിടെയെങ്ങും ആരുമില്ല.

അയാൾ ശ്രീനിവാസകിടാവിനോട് വിവരം പറഞ്ഞു. തുടർന്ന് വാതിൽ പൂർണമായും തുറന്നു.

തലേന്ന് അവിടെ അത്രയും ആളുകൾ ഉണ്ടായിരുന്നതിന്റെ യാതൊരു ലക്ഷണവുമില്ല!

''ഇനി ഒക്കെ നമ്മുടെ തോന്നലായിരുന്നോ?"

കിടാവ് അനുജനെ നോക്കി.

അങ്ങനെയെങ്കിൽ നമുക്ക് രണ്ടുപേർക്കും ഒരുപോലെ തോന്നുമോ?"

''അത് ശരിയാണല്ലോ."

ഇരുവരും കോവിലകമാകെ നടന്നു നോക്കി. എന്നാൽ ഒരിടത്തും ആരുമില്ല.

''ഇനി ഇവിടെ കഴിയുന്നത് അപകടമാണ്. എനിക്കുറപ്പാ ചേട്ടാ. ഇതൊക്കെ പ്രേതത്തിന്റെ വിളയാട്ടം തന്നെ. എടുക്കാനുള്ളത് എടുത്തുകൊണ്ട് എത്രയും വേഗം ഇവിടെ നിന്നു പുറത്തുചാടണം. അല്ലെങ്കിൽ പേടിച്ച് ചത്തുപോകും നമ്മൾ."

ശ്രീനിവാസകിടാവിനും അതേ അഭിപ്രായമായിരുന്നു.

''പക്ഷേ പ്രജീഷും ചന്ദ്രകലയും വരാതെ..."

''അവർ വരുമ്പോഴേക്കും നമുക്ക് എല്ലാം ശേഖരിച്ചുവയ്ക്കാമല്ലോ?"

അനുജന്റെ അഭിപ്രായത്തോട് കിടാവും യോജിച്ചു.

അന്നു രാത്രി കല്ലറകൾ തുറക്കുവാൻ അവർ തീരുമാനിച്ചു.

(തുടരും)