അട്ട ചികിത്സയെ ഭയക്കേണ്ട, 'രക്തമോക്ഷം' ചികിത്സ ഈ രോഗങ്ങൾക്ക് ഫലം ചെയ്യും
അട്ട ചികിത്സ എന്ന് കേൾക്കുന്നത് തന്നെ പലർക്കും ഭയമാണ്. എന്നാൽ ആയുർവേദ ചികിത്സയിൽ അട്ടകൾക്ക് പ്രാധാന്യമുണ്ട്. അട്ടകളെ ഉപയോഗിച്ച് 'രക്തമോക്ഷം' എന്ന ചികിത്സാ സമ്പ്രദായം തന്നെയുണ്ട്. 'രക്തമോക്ഷം' എന്നത് ശരീരത്തിൽ നിന്ന് രക്തത്തെ നീക്കം ചെയ്യുന്ന ചികിത്സാ സമ്പ്രദായമാണ്.
പലതരത്തിൽ ശരീരത്തിൽ നിന്ന് രക്തം നീക്കം ചെയ്യാറുണ്ട്. അതിൽ 'സിരാവ്യധം', 'പ്രച്ഛാനം' മുതലായ ചികിത്സാ വിധികളും രക്തമോക്ഷത്തിനായി ഉപയോഗിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ അട്ട ചികിത്സ ശാസ്ത്രീയമായി ഉപയോഗിക്കുന്നുണ്ട്. അവർ ചികിത്സയ്ക്ക് ആവശ്യമായ 'മെഡിസിനൽ ലീച്ച്' ഉൽപാദിപ്പിച്ച് അണുബാധ ഏൽക്കാത്ത ബോട്ടിലിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നു.
ത്വക്ക് രോഗങ്ങൾ, ദീർഘകാലം നീണ്ടുനിൽക്കുന്ന വ്രണങ്ങൾ, വെരിക്കോസ് വ്രണങ്ങൾ തുടങ്ങിയ രോഗങ്ങളിലും കണ്ണുകളിലെ ചില രോഗാവസ്ഥയിലും അട്ട ചികിത്സ ഗുണപ്രദമാണ്. അട്ട രക്തം കുടിച്ചതിന് ശേഷം അതിന്റെ ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന 'ഹിരുഡിൻ' എന്ന രാസവസ്തു മുറിവിൽ പ്രയോഗിക്കുന്നു. ഇത് രക്തം കട്ടപിടിക്കാതിരിക്കാൻ കാരണമാവുകയും നിയന്ത്രിത അളവിൽ രക്തസ്രാവമുണ്ടാക്കുകയും ചെയ്യുന്നു. ആധുനിക ശാസ്ത്രത്തിൽ പോലും പല ചികിത്സയിലും പ്ലാസ്റ്റിക് സർജറി എന്നിവയിലും അട്ട ചികിത്സ കൂടുതൽ സഹായകമാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി പ്രയോഗിക്കുന്ന അട്ടയ്ക്ക് വിഷാംശമില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഡോ. ത്രിജിൽ കൃഷ്ണൻ ഇ.എം, അസി. പ്രൊഫസർ, ജചചങ ആയുർവേദ മെഡിക്കൽ കോളേജ്, ചെറുതുരുത്തി, തൃശൂർ ഫോൺ: 9809336870