ക്രൈം ത്രില്ലർ നോവൽ - 'റെഡ്: 204'

Thursday 05 December 2019 12:13 PM IST

കല്ലറകൾ തുറക്കുന്നതിന്റെ ഭാഗമായി തങ്ങൾ അവിടെയെത്തിച്ച കമ്പിപ്പാരയും മറ്റ് ഉപകരണങ്ങളും എടുത്ത് കിടാക്കന്മാർ നിലവറയുടെ ഒരു ഭാഗത്തുവച്ചു.

യശോധരന്റെ ശവം നിക്ഷേപിച്ച കല്ലറയിൽ നിന്ന് നേരിയ തോതിൽ ദുർഗന്ധം പുറത്തേക്കു വന്നുതുടങ്ങിയിരുന്നു.

''ഇനി ഓരോ നിമിഷം കഴിയും തോറും ഇതിന്റെ നാറ്റം കൂടും. അതിനു മുൻപ് എല്ലാം എടുത്തിട്ട് ഇവിടെ നിന്നു മാറണം."

ശ്രീനിവാസകിടാവു പറഞ്ഞു.

അനുജൻ ശേഖരനും അത് സമ്മതിച്ചു.

ഇരുവരും നിലവറയിൽ നിന്നിറങ്ങി.

''രാത്രിയിൽ നമുക്ക് വെളിച്ചം വേണ്ടേ. നിലവറയ്ക്കുള്ളിൽ ഒന്നുമില്ല."

ശേഖരൻ ഓർമ്മപ്പെടുത്തി.

''നമ്മൾ ഇന്നലെ കിടന്ന മുറിയിൽ എമർജൻസി ലാംപ് കണ്ടിരുന്നു."

കിടാവ് അങ്ങോട്ടു നടന്നു.

അലമാരയിൽ എമർജൻസി ലാംപ് കണ്ടു.

അതിനു പക്ഷേ വെളിച്ചം തീരെ കുറവായിരുന്നു.

കിടാവ് അത് ചാർജു ചെയ്യുവാൻ വച്ചു.

ഇരുവർക്കും വല്ലാതെ വിശക്കാൻ തുടങ്ങിയിരുന്നു.

അവർ അടുക്കള പരിശോധിച്ചു. അതിനുള്ളിൽ ഗോതമ്പുപൊടി ഒരു ഡെപ്പയിൽ അടച്ചുവച്ചിരിക്കുന്നതു കണ്ടു.

പഞ്ചസാരയും തേയിലയും മറ്റ് അത്യാവശ്യ വസ്തുക്കളും ശേഖരിച്ചിരുന്നത് അടുക്കളയിലെ ഷെൽഫിൽ ഉണ്ടായിരുന്നു.

സ്റ്റോറിൽ തേങ്ങയും.

ശേഖരൻ ഗോതമ്പു പൊടി കുഴച്ചു.

അത് ഉരുളകളാക്കി. അതിൽ തേങ്ങാപ്പീരയും പഞ്ചസാരയും മിക്സുചെയ്ത് കൊഴുക്കട്ടയുണ്ടാക്കി ഒരു പാത്രത്തിൽ ഗ്യാസ് സ്റ്റൗവിൽ വച്ചു.

എത്രയും വേഗം ഒന്നു രാത്രിയായാൽ മതിയെന്നേ ഉള്ളായിരുന്നു ഇരുവർക്കും.

ആൾത്താമസം ഇല്ലാത്ത കോവിലകമായതിനാൽ പകൽ നേരത്ത് കല്ലറ പൊളിച്ചാൽ വല്ല പശുവിനെ മേയ്ക്കാൻ എത്തുന്നവരും കേട്ടാലോ...

അതിനാലാണ് പണി രാത്രിയിലത്തേക്കു മാറ്റിയത്.

പക്ഷേ കഴിഞ്ഞ രാത്രിയിലേതു പോലെ പ്രേതങ്ങൾ വന്നാലോ എന്നൊരു ഭീതിയും ഉണ്ടായിരുന്നു കിടാക്കന്മാർക്ക്.

*****

ബലഭദ്രൻ തമ്പുരാന്റെ വീടിനരുകിൽ നിന്നു കസ്റ്റഡിയിൽ എടുത്തയാളിനെ സി.ഐ അലിയാർ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയിരുന്നില്ല.

പകരം തന്റെ ക്വാർട്ടേഴ്സിലാണ് എത്തിച്ചത്.

ഒരു വീടായിരുന്നു ക്വാർട്ടേഴ്സായി ഉപയോഗിച്ചിരുന്നത്.

അകത്തെ ഒരു മുറിയിൽ വച്ച് നേരം പുലരുവോളം അയാളെ ചോദ്യം ചെയ്തു.

അയാളുടെ പേര് രഘുവരൻ.

കറ തീർന്ന ക്രിമിനൽ.

പാലക്കാട് സ്വദേശിയാണ്.

അയാളിൽ നിന്നു പുറത്തുവന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത സത്യങ്ങൾ. താൻ കരുതിയതുപോലെ വടക്കേ കോവിലകത്തെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാൾ ഇനിയും ആർക്കും പിടികൊടുക്കാതെ വിലസുന്നു എന്ന സത്യം അതോടെ അലിയാർക്കു ബോദ്ധ്യപ്പെട്ടു.

ആരും സംശയിക്കാത്ത ഒരാൾ!

കാര്യം ഇതൊക്കെയാണെങ്കിലും രഘുവരൻ പറഞ്ഞതു മുഴുവനും മുഖവിലയ്ക്ക് എടുത്തിട്ടില്ല അലിയാർ.

സ്വന്തം രക്ഷയ്ക്കായി അയാൾ കുറെ കള്ളങ്ങൾ പറഞ്ഞതാണോ എന്ന സംശയവും അയാൾക്കു ബാക്കിയുണ്ടായിരുന്നു.

നേരം പുലർന്നതോടെ ഒരു കട്ടിലിന്റെ ക്രാസിയിൽ അയാളുടെ കൈകൾ ചേർത്ത് ബന്ധിക്കുകയും വായ്ക്കു മുകളിൽ വീതിയേറിയ സെല്ലോ ടേപ്പ് ഒട്ടിക്കുകയും ചെയ്തു അലിയാർ.

ഇനിയുള്ള ക്വസ്റ്റ്യൻ ചെയ്യൽ അടുത്ത രാത്രിയിലേക്കു മാറ്റിവയ്ക്കുകയും ചെയ്തു.

രഘുവരന്റെ ഫോണിലേക്കു പിന്നെയും പലതവണ കാളുകൾ വന്നിരുന്നു. അവസാനം അലിയാർ അത് സ്വിച്ചോഫ് ചെയ്തു.

സ്റ്റേഷനിൽ ഇരിക്കുമ്പോഴും താൻ അറിയാത്ത നടുക്കുന്ന സത്യങ്ങളായിരുന്നു അലിയാരുടെ മനസ്സിൽ.

എല്ലാ തെളിവുകളോടും കൂടിയേ തനിക്ക് യഥാർത്ഥ വില്ലനെ കസ്റ്റഡിയിൽ എടുക്കാൻ കഴിയൂ.

ഈ സത്യങ്ങൾ എസ്.പി ഷാജഹാനുമായി പങ്കുവച്ചാലോ എന്നു ചിന്തിച്ചെങ്കിലും തൽക്കാലം അത് വേണ്ടെന്ന് അലിയാർ തീരുമാനിച്ചു.

ഹാഫ് ഡോറിൽ മുട്ടിയിട്ട് എസ്.ഐ സുകേശ് കടന്നുവന്നു.

''എന്താടോ?"

അലിയാർ ചിരിക്കാൻ ശ്രമിച്ചു.

''സോറി സാർ... ഒരു കാര്യം ചോദിക്കണമെന്നു കരുതി. രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ. സാറിന് ഒരു മൂഡ് ഔട്ടു പോലെ."

''ശരിയാടോ. നല്ല സുഖം തോന്നുന്നില്ല. കിടാക്കന്മാരെ കണ്ടെത്താതെ എങ്ങനെ എനിക്ക് സ്വസ്ഥതയുണ്ടാകും?"

''ഒക്കെ ശരിയാകും സാർ..." സുകേശ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''അവർ നമ്മുടെ കയ്യിൽത്തന്നെ വന്നുവീഴും."

അലിയാർ ഒന്നു മൂളി.

*****

ബംഗളൂരു.

ലോഡ്ജിൽത്തന്നെ ഉണ്ടായിരുന്നു ചന്ദ്രകലയും പ്രജീഷും.

ഉച്ചഭക്ഷണത്തിനുശേഷം ഇരുവരും അല്പം മയങ്ങി.

വരുന്ന രാത്രിയിൽ തങ്ങൾ ഇവിടം വിടുകയാണ്.

''എനിക്ക് ഒരാഗ്രഹം കൂടിയുണ്ട് പ്രജീഷേ. ഇവിടെനിന്നു പോകുന്നതിനുമുൻപ്."

ചന്ദ്രകല പ്രജീഷിന്റെ കഴുത്തിൽ കൈചുറ്റി അയാളോടു ചേർന്നുനിന്നു.

സ്ത്രീയുടേതായ ഒരു ഉന്മത്തഗന്ധം തന്നെ പൊതിയുന്നത് പ്രജീഷ് അറിഞ്ഞു.

''എന്താണത്?"

അയാൾ അവളുടെ നനഞ്ഞ ചുണ്ടുകളിലേക്കു നോക്കി.

''ആ പെണ്ണില്ലേ.. ഇന്നലെ നമ്മൾ കണ്ട ബലഭദ്രൻ തമ്പുരാന്റെ മകൾ."

''അതെ."

പ്രജീഷിന് കാര്യം മനസ്സിലായില്ല.

''എത്ര സുന്ദരിയാ അവൾ അല്ലേ?"

''ങാ. അതി​ന്?"

''നമ്മുടെ ശത്രുവിന്റെ മകൾക്ക് അങ്ങനെ സൗന്ദര്യം വേണോ? ഒരി​ക്കലും പ്രതീക്ഷി​ക്കാത്ത ഒരടി​ തമ്പുരാനു കൊടുക്കാൻ പറ്റി​യ ഇരയാണ് അവൾ."

പ്രജീഷിന്റെ നെറ്റി ചുളിഞ്ഞു.

''എങ്ങനെ?"

ചന്ദ്രകല അല്പം കൂടി അയാളിലേക്ക് അമർന്നുനിന്നുകൊണ്ട് മന്ത്രിച്ചു.

''ഞാൻ പറയുന്നതുപോലെ നീ ചെയ്യണം."

(തുടരും)