കോർപറേറ്റ് നികുതി ഇളവിനുള്ള ബിൽ പാസായി

Friday 06 December 2019 3:33 AM IST

ന്യൂഡൽഹി: കോർപ്പറേറ്റ് നികുതിയിൽ പ്രഖ്യാപിച്ച വൻ ഇളവുകൾ നടപ്പാക്കുന്നതിനുള്ള ടാക്സേഷൻ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ബിൽ കഴിഞ്ഞ ദിവസം ലോക്‌സഭയും പാസാക്കിയിരുന്നു. പാർലമെന്റ് ബിൽ പാസാക്കിയതോടെ ആഭ്യന്തര കമ്പനികളുടെ കോർപ്പറേറ്റ് നികുതി 30ൽ നിന്ന് 22 % ആയും പുതിയ മാനുഫാക്ചറിംഗ് കമ്പനികളുടെ നികുതി 10 % മുതൽ 12% വരെയും കുറയ്ക്കാനുള്ള കഴിഞ്ഞ സെപ്‌തംബറിലെ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് നിയമത്തിന്റെ പിൻബലം ലഭിക്കും.

നികുതി ഇളവ് കംപ്യൂട്ടർ സോഫ്‌റ്റ്‌വെയർ നിർമ്മാണം, മൈനിംഗ്, ബുക്ക്‌ പ്രിന്റിംഗ് തുടങ്ങിയ വ്യവസായങ്ങൾക്ക് ബാധകമാകില്ല.

താൻ ശ്രേഷ്‌ഠ വിഭാഗത്തിൽപ്പെടുന്ന ആളല്ലെന്നും കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ബിൽ ചർച്ചയിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. ഉള്ളി കഴിക്കാറില്ലെന്ന നിർമ്മലാ സീതാരാമന്റെ പ്രസ്‌താവന പ്രതിപക്ഷം ഏറ്റുപിടിച്ച സാഹചര്യത്തിലാണ് മറുപടി. ഉള്ളിയും വെളുത്തുള്ളിയും കഴിക്കാത്ത മന്ത്രിക്ക് സാധാരണക്കാരന്റെ വികാരം മനസിലാകില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.