24,000 തവണ കസ്റ്റമർ കെയറിൽ വിളിച്ചിട്ടും 71 കാരന് സംശയം തീരുന്നില്ല, ഒടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ സംശയം തീർന്നു

Friday 06 December 2019 12:53 PM IST

ടോക്കിയോ: എന്തുസംശയമുണ്ടായാലും ഉടൻ വിളക്കൂ. ഏതു സമയത്തും നങ്ങളുടെ സേവനം നിങ്ങൾക്കുലഭിക്കും-കസ്റ്റമർകെയർ സർവീസുകാർ ഇങ്ങനെയായിരിക്കും പറയുക.ദോഷം പറയരുതല്ലോ. എപ്പോൾ വിളിച്ചാലും സേവനം ലഭിക്കുകയും ചെയ്യും. ഇത് നന്നായി അറിയാവുന്ന ആളാണ് ജപ്പാനിലെ അകിതോഷി അകാമോട്ടോ എന്ന 71കാരൻ. കസ്റ്റമർകെയറിലേക്ക് പതിവായി വിളിക്കുന്നത് കക്ഷിയുടെ ഒരു ശീലമായിരുന്നു. പക്ഷേ, അകിതോഷി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നുമാത്രം.

രണ്ടുവർഷത്തിനിടെ പരാതി പറയാനായി അകിതോഷി അകാമോട്ടോ കസ്റ്റമർ കെയറിലേക്ക് വിളിച്ചത് 24,000 തവണയാണ്. അവസാന എട്ടു ദിവസങ്ങൾക്കിടെ നൂറിലധികം തവണയാണ് ഇയാൾ ഫോൺചെയ്തത്. സഹികെട്ടതോടെ ജീവനക്കാർ മേലധികാരികളെ അറിയിച്ചു.അവർ പൊലീസിനെയും.

സേവനം മോശമാണ് എന്നാണ് അകിതോഷിയുടെ സ്ഥിരം പരാതി. കമ്പനി പ്രതിനിധി നേരിൽ കണ്ട് മാപ്പുപറയണം എന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. കസ്റ്റമർകെയറിൽ ലഭിക്കുന്ന വിവിധ സേവനങ്ങളെ ക്കുറിച്ച് സംശയം ചോദിക്കുക, ജീവനക്കാരെ അപമാനിച്ച് സംസാരിക്കുക തുടങ്ങിയവയും ഇയാളുടെ ലീലാവിലാസങ്ങളായിരുന്നു. ചിലപ്പോൾ കസ്റ്റമർ കെയറിൽ കോൾ സ്വീകരിക്കുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യും. ജോലിചെയ്യാൻ തടസം നിൽക്കുന്നു എന്നാണ് അകിതോഷിക്കെതിരെയുള്ള കമ്പനിയുടെ പ്രധാന ആരോപണം.സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇയാൾക്ക് മാനസിക പ്രശ്നമുണ്ടോ എന്ന സംശയമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.