അറുപത്തിയെട്ടു വയസുള്ള മമ്മൂക്കയ്ക്ക് ഇത്രയും ചിത്രങ്ങൾ ചെയ്യാനുള്ള എനർജി എന്താണെന്ന് മാദ്ധ്യമപ്രവർത്തകൻ, കിടിലൻ മറുപടി നൽകി താരം

Friday 06 December 2019 2:21 PM IST

സിനിമാ പ്രേമികൾ ആകാംക്ഷപൂർവം കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. എം. പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം ഡിസംബർ 12ന് തീയേറ്ററുകളിലെത്തുകയാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ് മമ്മൂട്ടിയിപ്പോൾ.

പ്രൊഡക്ഷൻ ടീം കഴിഞ്ഞ ദിവസം സിനിമയുടെ ഹിന്ദി പതിപ്പിന്റെ പ്രചരണാർത്ഥം മുംബയിൽ ആയിരുന്നു. അതിനിടയിൽ ഒരു മാദ്ധ്യമപ്രവർത്തകൻ മമ്മൂട്ടിയോട് ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

2019ൽ മാമാങ്കവും പേരൻപും ഉൾപ്പെടെ ഏഴ് ചിത്രങ്ങളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. താൻ മമ്മൂട്ടിയുടെ ആരാധകനാണെന്നും,​ അന്പതിനാല് വയസുള്ള തന്റെ അച്ഛൻ പത്തു മിനിട്ടു നടന്നാൽ തന്നെ തളർന്നു പോകുമ്പോൾ 68 വയസുള്ള മമ്മൂട്ടി എങ്ങനെയാണു ഇത്രയും ചിത്രങ്ങൾ ചെയ്യാനുള്ള എനർജി കാത്തു സൂക്ഷിക്കുന്നത് എന്നും, എന്താണ് താരത്തിന്റെ എനർജി എന്നുമായിരുന്നു ചോദ്യം.

താങ്കളെപ്പോലുള്ള ആരാധകരാണ് തന്റെ എനർജി എന്നായിരുന്നു മമ്മൂട്ടിയുടെ ഉത്തരം. തനിക്ക് ഇപ്പോഴും ലഭിക്കുന്ന പ്രേക്ഷകരുടെ സ്നേഹവും ആരാധനയും പിന്തുണയും തന്നെയാണ് മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.