വിവാഹ ആഘോഷത്തിനിടെ നൃത്തം അവസാനിപ്പിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ മുഖത്ത് നിറയൊഴിച്ചു
ലക്‌നൗ: വിവാഹപാർട്ടിക്കിടെ ഡാൻസ് നിർത്തിയ നൃത്തസംഘത്തിന് നേരെയുണ്ടായ വെടിവെയ്പിൽ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നൃത്തസംഘത്തിന്റെ കൂടെയുണ്ടായിരുന്ന 22 കാരിയായ ഹിനയ്ക്കാണ് മുഖത്ത് വെടിയേറ്റത്. ഉത്തർപ്രദേശിലെ തിക്ര ഗ്രാമത്തിൽ കഴിഞ്ഞാഴ്ചയാണ് സംഭവം.
ഡിസംബർ ഒന്നിന് തിക്ര ഗ്രാമത്തിൽ ഗ്രാമത്തലവൻ സുധീർ സിംഗ് പട്ടേലിന്റെ മകളുടെ വിവാഹവേളയിലാണ് സംഭവം. വെടിവയ്പിൽ വരന്റെ അമ്മാവന്മാരായ മിഥിലേഷ്, അഖിലേഷ് എന്നിവർക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ യുവതി ഡാൻസ് നിർത്തിയപ്പോൾ സഹോദരാ, നിങ്ങൾ തോക്ക് എടുക്കണം എന്ന് മദ്യപിച്ച് ലക്കുകെട്ട ഒരാൾ പറയുന്നത് കേൾക്കാം. പെട്ടെന്ന് യുവതി വെടിയേറ്റ് വീഴുന്നതും, എന്താണ് സംഭവിച്ചതെന്ന് അറിയാതെ അതിഥികൾ പകച്ചു നിൽക്കുന്നതും വീഡിയോയിൽ കാണാം. ഉടൻ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചുവരികയാണ്. ഗ്രാമത്തലവന്റെ കുടുംബാംഗങ്ങളിലൊരാളാണ് യുവതിയ്ക്ക് നേരെ നിറയൊഴിച്ചതെന്ന് റിപ്പോർട്ട് ഉണ്ട്.
'പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കുറ്റവാളിയെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുകയാണ്'- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അങ്കിത് മിത്തൽ പറഞ്ഞു. വിവാഹത്തിൽ ഹിനയ്‌ക്കൊപ്പം നൃത്തം ചെയ്ത നൈന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: "ഞങ്ങൾ നൃത്തം ചെയ്യുമ്പോൾ സംഗീതം പെട്ടെന്ന് നിർത്തി. ആ മനുഷ്യൻ ഞങ്ങളെ വെടിവച്ചു. അവൾ എന്റെ അരികിൽ നിൽക്കുകയായിരുന്നു, താടിയെല്ലിന് വെടിയേറ്റു'.
സമാനമായ ഒരു സംഭവം 2016 ൽ പഞ്ചാബിലെ ബതിന്ദയിൽ നടന്നിരുന്നു. വിവാഹപാർട്ടിയിൽ ഗർഭിണിയായ 25 കാരിയായ കുൽവീന്ദർ കൗർ എന്ന നർത്തകി കൊല്ലപ്പെട്ടു. സ്റ്റേജിൽ പ്രകടനം നടത്തുന്നതിനിടെ വയറ്റിൽ വെടിയേൽക്കുകയായിരുന്നു. ഇത്തരം നിരവധി സംഭവങ്ങൾ ഡൽഹിയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.