ചോലയിൽ ചോരയൊഴുകിയ കഥ; മൂവി റിവ്യൂ
ചോല എന്ന സിനിമയുടെ ടൈറ്റിൽ വായിക്കുമ്പോൾ ചോര എന്ന വായിക്കാനിടയായാൽ തെറ്റിപ്പോയതല്ല, മറിച്ച് അതങ്ങനെ തന്നെ വായിക്കാൻ വേണ്ടിയാണ് അങ്ങനെയൊരു ഡിസൈൻ കൊടുത്തിരിക്കുന്നത് എന്ന് സിനിമ കണ്ട് കഴിയുമ്പോൾ സ്പഷ്ടമാകും. സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനെയും പല വികാരങ്ങളിലേക്ക് കൊണ്ടു പോകുന്ന ആഴത്തിലുള്ള അനുഭവമാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത 'ചോല'.
മാദ്ധ്യമങ്ങളിലെ സ്ഥിരം വാർത്തകളാണ് ലൈംഗികപീഡനനങ്ങളും കൊലപാതകങ്ങളും. വായിച്ചറിയുമ്പോഴും അതനുഭവിച്ചവർക്കുണ്ടായ വിഷമതകളെ ഒരു അളവുകോൽ കൊണ്ടു പോലും അളക്കാൻ നമുക്കാവില്ല. ഈ ചിത്രത്തിൽ അത്തരം അനുഭവങ്ങളിലെ ഭീകരതയെയും ഇരയുമായി സംബന്ധിക്കുന്നവരുടെ വികാരങ്ങളും സാക്ഷിയാകുന്നതായേ പ്രേക്ഷകന് തോന്നൂ. അത്രക്ക് സ്വാഭാവികതയും സാങ്കേതിക-സംവിധാന-അഭിനയത്തികവും ആദ്യാവസാനം ചിത്രത്തിൽ പ്രകടമാണ്.
വീട്ടിൽ അമ്മയില്ലാത്ത ദിവസം കാമുകനോടൊത്ത് നഗരം ചുറ്റിക്കാണാനിറങ്ങുന്ന സ്ക്കൂൾ കൂട്ടിയാണ് ജാനു. ഇവരെ കൊണ്ടു പോകുന്നത് ആ പയ്യൻ 'ആശാൻ' എന്ന വിളിക്കുന്ന വ്യക്തിയാണ്. ജാനുവിന് ഇയാളെ കണ്ടപ്പോൾ തൊട്ട് അസ്വസ്ഥതയാണ്. എന്നാൽ അവളുടെ കാമുകന് ആശാനോട് എന്തെന്നില്ലാത്ത ബഹുമാനമാണ്. വൈകിട്ട് തിരികെ കൊണ്ടു വിടാം എന്ന ഉറപ്പിലാണ് ജാനു കാമുകനോടൊപ്പം പോകാൻ തയ്യാറായത്. എന്നാൽ കാര്യങ്ങൾ തകിടം മറിയുന്നു. ആ പെൺകുട്ടി എന്തൊക്കെ ഓർത്ത് പേടിച്ചിട്ടുണ്ടാകുമോ അതൊക്കെ യാഥാർത്ഥ്യമാകാൻ ആ ദിവസം ഇരുട്ടേണ്ട താമസം മാത്രമേ ഉണ്ടായുള്ളു.
ചിത്രത്തിൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണുള്ളത്. ജാനുവായി നിമിഷ സജയനും, കാമുകനായി പുതുമുഖം അഖിൽ വിശ്വനാഥും ആശാനായി ജോജു ജോർജുമാണ് അഭിനയിച്ചിരിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് വരുന്ന സാധാരണക്കാരിയായ സ്ക്കൂൾ കുട്ടിയായി നിമിഷ മികച്ച പ്രകടനമാണ് നടത്തിയത്. പീഡനത്തിനിരയാകുന്ന ഒരു പെൺകുട്ടി കടന്നു പോകുന്ന വികാരങ്ങൾ പ്രേക്ഷകരുടെ മനസിൽ തട്ടുന്ന വിധമുള്ള അഭിനയമായിരുന്നു നിമിഷ. അടുത്തിടയായി തന്റെ അഭിനയം കൊണ്ടു വിസ്മയിപ്പിക്കുന്ന ജോജുവിന്റെ മറ്റൊരു മികച്ച കഥാപാത്രമാണ് ആശാൻ. കൈയ്യൂക്ക് കൊണ്ട് ഇഷ്ടമുള്ളത് കൈപിടിയിലാക്കുന്ന മൃഗീയ സ്വഭാവമുള്ള കഥാപാത്രത്തെ സ്വാഭാവിക അഭിനയവും സ്ക്രീൻ പ്രസൻസും കൊണ്ട് അവതരിപ്പിച്ച ജോജു സിനിമയാകെ നിറസാന്നിദ്ധ്യമാണ്. സ്വന്തം കാമുകിയെ സംരക്ഷിക്കാനോ ആശാനെ എതിർക്കാനോ കെൽപ്പില്ലാത്ത പയ്യനായി തന്മയത്വം നിറഞ്ഞ പ്രകടനമാണ് അഖിൽ വിശ്വനാഥിന്റേത്. ഒരു പുതുമുഖത്തിൽ നിന്ന് ഇത്ര അച്ചടക്കമുള്ള പ്രകടനം പ്രശംസിക്കേണ്ടത് തന്നെ.
അജിത് ആചാര്യയുടെ ഛായാഗ്രഹണം പ്രേക്ഷകരെ 'ചോല'യിൽ നടക്കുന്ന സംഭവങ്ങളുടെ ദൃക്‌സാക്ഷിയാക്കുകയാണ്. അദ്ദേഹത്തിന്റെ കാമറ വർക്കും സെർജി ചെറെമിസിനോവിന്റെ സംഗീതവും അത്രയും ആഴമേറിയ അനുഭവത്തിലേക്കാണ് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്.
നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ മാത്രം ചെയ്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് സനൽ കുമാർ ശശിധരൻ. സനലിന്റെ ചിത്രങ്ങൾ പതുക്കെ നീങ്ങുന്നവയാണ്. ചോലയും അങ്ങനത്തെ ഒരു ചിത്രമാണ്. പക്ഷെ ഈ ചിത്രം അങ്ങനെ തന്നെ അവതരിപ്പിക്കേണ്ടുന്നതാണ്. അതിലാണ് അതിന്റെ ആത്മാവ്. പ്രകൃതിയിൽ ദുർബലമായതിനെയൊക്കെ കാൽച്ചുവട്ടിലാക്കുന്നത് മനുഷ്യനിടയിലും കാണാം എന്നത് ചോലയുടെ ഇതിവൃത്തമാകുന്നു.
വാൽക്കഷണം: ചോര മണമുള്ള ചോല
റേറ്റിംഗ്: 3.5/5