ഹൈദരാബാദ് എൻകൗണ്ടർ : പ്രതികളുടെ അന്ത്യരംഗം യുവതിയെ കത്തിച്ചിടത്ത്

Saturday 07 December 2019 12:00 AM IST

ഹെെദരാബാദ്: തെലങ്കാനയിൽ 26കാരിയായ മൃഗഡോക്ടറെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന് കത്തിച്ച അതേ സ്ഥലത്താണ് നാല് പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെ ഷാദ്‌നഗറിലെ ചാത്തനപ്പള്ളി അണ്ടർപാസിന് സമീപമുള്ള അതേ മണ്ണിൽ പ്രതികൾ വെടിയേറ്റ് പിടഞ്ഞ് മരിക്കുകയും ചെയ്തു. ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ട സ്ഥലത്തു നിന്ന് നാനൂറ് മീറ്റർ മാത്രം അകലെ.

പ്രതികൾ കൊല്ലപ്പെട്ട വാർത്ത പരന്നതോടെ നൂറുകണക്കിന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. അതിനിടെ എത്തിയ വൻ പൊലീസ് സംഘം സ്ഥലം വളഞ്ഞു. ജനങ്ങൾ ആഹ്ലാദനൃത്തം വയ്‌ക്കുകയും പൊലീസിന് മധുരം നൽകുകയും ചെയ്‌തു. ചില പൊലീസുകാരെ ജനം തോളിലേറ്റി.

നവംബർ 28ന് ആണ് വെറ്ററിനറി ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം പാലത്തിനടിയിൽ കണ്ടത്. തലേന്ന് രാത്രി ഡോക്‌ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷാദ് നഗറിന് സമീപം ദേശീയ പാതയിലെ തൊണ്ടുപ്പള്ളി ടോൾ ഗേറ്റിന് സമീപത്ത് നിന്ന് പ്രതികൾ യുവതിയെ തട്ടിക്കൊണ്ടു പോവുകയും മദ്യം കുടിപ്പിച്ച് മയക്കി കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും പിന്നീട് കൊലപ്പെടുത്തി കത്തിക്കുകയുമായിരുന്നു.

പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികൾ ലോറി തൊഴിലാളികളാണെന്ന് കണ്ടെത്തിയത്. സൈബർ പൊലീസിന്റെ സഹായത്തോടെ വീടുകളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ഏറ്റുമുട്ടൽ പുലർച്ചെ 5.45നും 6.15നും ഇടയിൽ

കുറ്റകൃത്യം പുനരാവിഷ്‌കരിക്കാൻ പൊലീസ് പ്രതികളെ സ്ഥലത്ത് എത്തിച്ചു.

നവീൻ ശിവ് എന്നീ പ്രതികൾ പൊലീസിനെ കല്ലെറിഞ്ഞു, ലാത്തികൾ പിടിച്ചു വാങ്ങാൻ ശ്രമിച്ചു

മുഹമ്മദ് അരീഫും ചെന്ന കേശവുലുവും രണ്ട് പൊലീസുകാരുടെ 0.9 എം. എം പിസ്റ്റലുകൾ തട്ടിപ്പറിച്ചു

മുഹമ്മദ് അരീഫ് ആദ്യം വെടിവച്ചു

പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു

കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു

പ്രതികൾ വെടിവയ്‌പ് തുടർന്നു

പൊലീസ് സ്വയ രക്ഷയ്‌ക്ക് തിരിച്ച് വെടിവച്ചു

നാല് പ്രതികളും സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു

അക്രമികളുടെ വെടിയേറ്റ രണ്ട് പൊലീസുകാരെ ആശുപത്രിയിലാക്കി

ഡോക്‌ടർമാർ സംഭവസ്ഥലത്തു തന്നെ പോസ്റ്റുമോർട്ടം നടത്തി

 മൃതദേഹങ്ങൾ ഷാദ്‌നഗർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.