അയോദ്ധ്യകേസിൽ ആറു റിവ്യൂഹർജി കൂടി

Saturday 07 December 2019 1:03 AM IST

ന്യൂഡൽഹി: അയോദ്ധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ നവംബർ ഒൻപതിലെ വിധിക്കെതിരെ ആറു പുനഃപരിശോധനാ ഹർജികൾ കൂടി സുപ്രീംകോടതിയിലെത്തി. അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമബോർഡിന്റെ പിന്തുണയോടെ മൗലാന ഹസബുള്ള, മൗലാന മഹഫൂസർ റഹ്മാൻ, മിഷബുദ്ദീൻ, മൊഹദ് ഉമർ , ഹാജി നഹബൂബ് എന്നിവരും മൊഹമ്മദ് അയ്യൂബ് എന്നയാളുമാണ് റിവ്യൂ ഹർജി സമർപ്പിച്ചത്. അയോദ്ധ്യ വിധി മതേതരത്വം അടിസ്ഥാനമാക്കിയാണ് വിധിയെന്ന അവകാശവാദം ശരിയല്ല. വിധി പൂർണമായും ഹിന്ദു വിശ്വാസത്തെ അടിസ്ഥാനമാക്കിയാണെന്നും റിവ്യൂ ഹർജിയിൽ ആരോപിച്ചു. പ്രധാന താഴികക്കുടത്തിന് താഴെ വിഗ്രഹങ്ങൾ നിയമവിരുദ്ധമായി സ്ഥാപിച്ചതാണെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടും പ്രതിഷ്ഠയെ നിയമസാധുതയുള്ള വ്യക്തിയായി പരിഗണിച്ചത് തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.മുതിർന്ന അഭിഭാഷകരായ രാജീവ് ധവാനും സഫയർയാബ് ജിലാനിയുമാണ് റിവ്യൂ ഹർജികൾ തയാറാക്കിയത്. അയോദ്ധ്യ കേസിൽ നിന്ന് തന്നെ ഒഴിവാക്കിയതായി സുന്നി വഖഫ് ബോർഡിനും മറ്റ് മുസ്ലിം കക്ഷികൾക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിരുന്ന മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ജംഇയ്യത്തുൽ ഉലമ ഹിന്ദ് പ്രസിഡന്റ് മൗലാന സയ്യിദ് അസ്ദ് റാഷിദി കഴിഞ്ഞദിവസം പുനപരിശോധനാ ഹർജി നൽകിയിരുന്നു. രാജീവ് ധവാനെ ഒഴിവാക്കിയായിരുന്നു ഹർജി.