സഭയിൽ കണ്ടത് ബി.ജെ.പിയുടേത് ഒളിച്ചോട്ടം: കോൺഗ്രസ്

Saturday 07 December 2019 1:07 AM IST

ന്യൂഡൽഹി: ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ ചർച്ചയ്‌ക്കിടെ രോക്ഷപ്രകടനം നടത്തിയതിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള രണ്ട് അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ബി.ജെ.പിയുടെ നീക്കം ഒളിച്ചോട്ടമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഉന്നാവോ കേസിലെ

പെൺകുട്ടിക്കുണ്ടായ ദുരന്തം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്‌താവന നടത്തണമെന്ന ആവശ്യത്തിൽ നിന്ന് ഒളിച്ചോടാൻ വേണ്ടിയാണ് കേരളാ എം.പിമാർക്കെതിരെയുള്ള ആരോപണമെന്നും തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എം.പി ജ്യോതിമണി പറഞ്ഞു.

ഉന്നാവോ വിഷയത്തിൽ താൻ കൊണ്ടുവന്ന അടിയന്തര പ്രമേയം സഭാദ്ധ്യക്ഷൻ അനുവദിച്ചില്ല. എന്നാൽ പിന്നീട് സംസാരിച്ച സ‌്മൃതി ഇറാനി വിഷയത്തിൽ രാഷ്‌ട്രീയം കലർത്താൻ ശ്രമിച്ചതിനെ പ്രതിപക്ഷം എതിർത്തു. മന്ത്രിയോട് പ്രസംഗം നിറുത്താൻ ആവശ്യപ്പെട്ട സ്‌പീക്കർ മൈക്ക് ഓഫ് ചെയ്‌തിരുന്നു. കോൺഗ്രസ് എം.പിമാർ അതിരുവിട്ട് പെരുമാറിയിട്ടില്ല. വനിതാ എം.പിമാരെ പോലെ തന്നെ പുരുഷ എം.പിമാർക്കും അന്തസുണ്ട്. പ്രശ്‌നങ്ങൾ കഴിഞ്ഞെന്ന് സ്‌പീക്കർ വ്യക്തമാക്കിയിട്ടും ബി.ജെ.പി അതുമായി മുന്നോട്ടു പോകുന്നത് ഒളിച്ചോട്ടമാണെന്നും ജ്യോതി മണി പറഞ്ഞു.