നിത്യാനന്ദ എവിടെയെന്ന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ഭുവനേശ്വർ: ഇന്ത്യയിൽ നിന്ന് മുങ്ങി കരീബിയൻ ദ്വീപുകളിൽ കൈലാസമെന്ന പേരിൽ സ്വന്തം ഹിന്ദുരാഷ്ട്രം സ്ഥാപിച്ച ആൾദൈവം സ്വാമി നിത്യാനന്ദ എവിടെയെന്ന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നിത്യാനന്ദ രാജ്യം വിട്ടതിനെപ്പറ്റി അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയമോ ഗുജറാത്ത് പൊലീസോ ഔദ്യോഗികമായി അപേക്ഷകളൊന്നും തന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇത്തരം കേസുകളിൽ അന്വേഷണ ഏജൻസികൾ നൽകുന്ന നിർദ്ദേശത്തിനനുസരിച്ചാണ് വിദേശകാര്യമന്ത്രാലയം പ്രവർത്തിക്കുന്നതെന്നും നിത്യാനന്ദയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും രവീഷ് കുമാർ പറഞ്ഞു. അപേക്ഷ ലഭിച്ചാൽ വിഷയത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആശ്രമത്തിൽ തടഞ്ഞുവെച്ച് പീഡിപ്പിച്ചതടക്കം പല കേസുകളിലും പ്രതിയാണ് നിത്യാനന്ദ.
ഇക്വഡോർ തീരത്തിനു സമീപത്തുള്ള ഒരു കരീബിയൻ ദ്വീപിൽ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ രാജ്യത്തിന്റെ വെബ്സൈറ്റ് അടക്കമുള്ള വിവരങ്ങൾ ഇന്റർനെറ്റിലുണ്ട്. എന്നിട്ടും, നിത്യാനന്ദ എവിടെയാണെന്നതിനെപ്പറ്റി പുതിയ വിവരങ്ങളൊന്നും അറിയില്ലെന്നും കേസ് അന്വേഷിക്കുന്ന ഏതെങ്കിലും ഏജൻസികൾ ആവശ്യപ്പെടാതെ നടപടിയെടുക്കാനാകില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, നിത്യാനന്ദയുടെ ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കിയതായി രവീഷ് കുമാർ അറിയിച്ചു.
നിത്യാനന്ദയ്ക്ക് രാജ്യം നൽകിയിട്ടില്ല: ഇക്വഡോർ
സ്ത്രീ പീഡനം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയ്ക്ക് അഭയം നൽകുകയോ വടക്കൻ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോർ. ഇക്വഡോർ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് അഭയം നൽകണമെന്നുള്ള നിത്യാനന്ദയുടെ അഭ്യർത്ഥന തങ്ങൾ തള്ളിയതായി വ്യക്തമാക്കുന്നത്. നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും വാർത്താക്കുറിപ്പിലുണ്ട്. നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വാർത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും ഈ വിവാദങ്ങളിൽ നിന്ന് ഇക്വഡോറിന്റെ പേര് ഒഴിവാക്കണമെന്നും എംബസി പറയുന്നു.
ഇക്വഡോറിൽ നിന്ന് വാങ്ങിയ ദ്വീപിൽ താൻ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള നിത്യാനന്ദയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് എംബസിയുടെ വിശദീകരണം.