തെലുങ്കാന ഏറ്റുമുട്ടൽ: കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

Saturday 07 December 2019 12:24 AM IST

ന്യൂഡൽഹി: പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തിൽ തെലുങ്കാന സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. കസ്റ്റഡിയിലുള്ള പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാൽ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഴി ദേശീയ മനുഷ്യാവകാശ കമ്മിഷന് വിശദീകരണം നൽകണമെന്നതാണ് ചട്ടം. അതുപ്രകാരം എത്രയും പെട്ടെന്ന് സംസ്ഥാനം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.

പാർലമെന്റ് സമ്മേളനം നടക്കുന്ന സമയമായതിനാൽ ഏറ്റുമുട്ടൽ വിഷയം സഭയിൽ ചർച്ചയാകും. അതുകൊണ്ട് വ്യക്തമായ വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു.