പ്രതികളെ വെടിവച്ചുകൊല്ലണം, വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ല: ഉന്നാവോ പെൺകുട്ടിയുടെ അച്ഛൻ
ലഖ്നൗ: ഹൈദരാബാദില്‍ സംഭവിച്ചതുപോലെ ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാല്‍സംഗക്കേസ് പ്രതികളെ വെടിവച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞു. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അവസാന നിമിഷം വരെ അവള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞിരുന്നു. ”എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം. എനിക്ക് മരിക്കേണ്ട. എന്നോട് ഇത് ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം” പെണ്‍കുട്ടി പറഞ്ഞതായി സഹോദരന്‍ വ്യക്തമാക്കി. ഞങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. എനിക്കിനി ഒന്നും പറയാനില്ല. എന്റെ സഹോദരി ഇനി ഞങ്ങള്‍ക്കൊപ്പം ഇല്ല. ഒരാവശ്യം മാത്രമേ ഇനി പറയാനുള്ളൂ. ആ അഞ്ച് പേരേയും തൂക്കിക്കൊല്ലണം. അതില്‍ കുറഞ്ഞതൊന്നും അവര്‍ ആഗ്രഹിക്കുന്നില്ല -സഹോദരന്‍ പറഞ്ഞു.
ഹൃദയാഘാത്തെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് പെൺകുട്ടിയുടെ മരണം. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ വൈകിയതും പെൺകുട്ടിയുടെ നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു. വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു.