ക്രൂര പീഡനങ്ങൾ അവസാനിക്കുന്നില്ല: മദ്ധ്യപ്രദേശിൽ രണ്ട് കൂട്ട ബലാത്സംഗങ്ങൾ, ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു

Saturday 07 December 2019 10:32 PM IST

ഭോപ്പാൽ: തെലങ്കാനയിലെയും ഉത്തർ പ്രാദേശിലെയും ക്രൂര പീഡനങ്ങൾ വാർത്തകളിൽ നിറയുമ്പോൾ മദ്ധ്യപ്രദേശിൽ 17കാരിയായ അദ്ധ്യാപികയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. മദ്ധ്യപ്രദേശിലെ സിദ്ദിജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്, ജോലി കഴിഞ്ഞ ശേഷം സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ വഴിയിൽ വച്ച് നാലംഗ സംഘം തടഞ്ഞ് ശേഷം അടുത്തുള്ള ഫാം ഹൗസിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. ശേഷം ഇവർ നാലുപേരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി.

ഒടുവിൽ യുവതിയുടെ ബോധം മറഞ്ഞപ്പോൾ ഇവർ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബോധം വീണ യുവതി വീട്ടിലെത്തി വിവരങ്ങൾ വീട്ടുകാരെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. കേസിലെ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മാദ്ധ്യമങ്ങളോട് സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെ ഇരയുടെ പേര് എസ്.പി ആർ.എസ് ഭേൽവംശി പരസ്യമായി പറഞ്ഞത് വിവാദമായിട്ടുണ്ട്.

അതിനിടെ ദാമോ ജില്ലയിൽ കൂട്ടബലാത്സംഗത്തിന് ഇരയായിരുന്ന മറ്റൊരു പെൺകുട്ടി ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ആത്മഹത്യയ്ക്ക് ഇരയായത്. ഏറെ നാളുകളായി പെൺകുട്ടിക്ക് ചിലരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവർ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുമെന്നും പറഞ്ഞിരുന്നു. എന്നാൽ പീഡനത്തിനും പെൺകുട്ടിയുടെ മരണത്തിനും കാരണക്കാരായവരെ ഇനിയും അറസ്റ്റ് പൊലീസ് ചെയ്തിട്ടില്ല. ഈ സംഭവങ്ങൾക്ക് ശേഷം മദ്ധ്യ പ്രദേശ് ഉത്തർ പ്രദേശ് പോലെയാകില്ലെന്ന പ്രസ്താവനയുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രംഗത്ത് വന്നു.