പാമ്പാറിലെ മണൽകടത്ത് സബ് കളക്ടർ നേരിട്ട് പിടികൂടി, വാഹനവും മണലും പിടിച്ചെടുത്തു
മറയൂർ: പാമ്പാറിൽ നിന്ന് അനധികൃതമായി വാരി കടത്താൻ ശ്രമിച്ച 100 അടി മണൽ ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ നേരിട്ടെത്തി പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ന് പാമ്പാറ്റിൽ മണൽവാരുകയായിരുന്ന 17 തൊഴിലാളികളെയും വാഹന ഉടമയെയും കസ്റ്റഡിയിലെടുത്തു. മണൽ വാരാൻ ഉപയോഗിച്ച മൂന്ന് വള്ളങ്ങളും സാധന സാമഗ്രികളും കടത്താൻ ഉപയോഗിച്ച പിക്ക് അപ്പ് വാഹനവും റവന്യൂ- പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിടികൂടി. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന പാമ്പാറിൽ കോവിൽക്കടവ് ഇല്ലിത്തുറ ഭാഗത്താണ് മണൽവാരൽ നടന്നിരുന്നത്. സബ് കളക്ടർക്ക് നേരിട്ടു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേവികുളത്ത് നിന്ന് സ്വകാര്യ വാഹനത്തിൽ എത്തിയ സബ് കളക്ടർ മണൽ വാരുന്ന സ്ഥലം രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് പിന്നീട് സ്വന്തം വാഹനത്തിലെത്തി മണൽ പിടികൂടിയത്. സബ് കളക്ടറുടെ സംഘത്തിൽ മറയൂർ പൊലീസ് എസ്.ഐ ജി. അജയകുമാർ, ജോളി ജോസഫ്, സജി എം. ജോസഫ്, അനുകുമാർ, ഷിഹാബുദ്ദീൻ, മറയൂർ വില്ലേജ് അസിസ്റ്റന്റുമാരായ അനീഷ്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു. പിടിയിലായ 18 പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പിടിച്ചെടുത്ത വള്ളവും വാഹനവും സാധനങ്ങളും ദേവികുളം കോടതിയിൽ ഹാജരാക്കും.