ഒരു വർഷത്തിനിടയിൽ 86 സ്ത്രീപീഡനങ്ങൾ, 'പീഡന തലസ്ഥാനമായി" ഉന്നാവോ

Saturday 07 December 2019 11:31 PM IST

ല‌‌ക്നൗ: ഇക്കൊല്ലം ജനുവരി മുതൽ നവംബർ വരെ ഉത്തർപ്രദേശിലെ ഉന്നാവോയിൽ നടന്നത് 86 ലൈംഗിക പീഡനങ്ങൾ. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ 185 ലൈംഗികാതിക്രമണങ്ങൾ ഈ ജില്ലയിൽ നടന്നു. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിൽ നിന്ന് 63 കിലോമീറ്റർ മാത്രം അകലെയാണ് ഉന്നാവോ. 31 ലക്ഷം പേരാണ് ഈ ജില്ലയിൽ താമസിക്കുന്നത്.

ഇക്കൂട്ടത്തിൽ രാജ്യത്ത് ചർച്ചയായ അതിക്രൂരമായ പീഡനങ്ങളുമുണ്ട്. ഏറ്റവുമൊടുവിലത്തേതാണ് വ്യാഴാഴ്ച മാനഭംഗത്തിനിരയായ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവം.

മിക്ക കേസുകളിലും പ്രതികൾ പിടിയിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇവരെല്ലാം ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. നീതിനിർവഹണ സംവിധാനങ്ങളൊന്നും ശരിയായി പ്രവർത്തിക്കാത്തതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നാണ് ജനങ്ങൾ പറയുന്നത്.

ഉന്നാവോയിലെ പൊലീസ് സംവിധാനം പൂർണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഉന്നാവോയിലെ ജനങ്ങളുടെ പരാതി. ഇക്കാരണത്താൽ ക്രിമിനലുകൾ രക്ഷപ്പെടുന്നു. രാഷ്ട്രീയക്കാർ പറയാതെ പൊലീസ് ഒന്നും ചെയ്യാത്ത നിലയാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.