മദ്ധ്യപ്രദേശിൽ അദ്ധ്യാപിക കൂട്ടമാനഭംഗത്തിനിരയായി
മദ്ധ്യപ്രദേശ്: മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ സ്കൂൾ അദ്ധ്യാപിക കൂട്ട മാനഭംഗത്തിനിരയായതായി റിപ്പോർട്ട്. വ്യാഴാഴ്ച വൈകിട്ട് സ്കൂൾ കഴിഞ്ഞ് വരവെ പ്രദേശത്തെ നാല് യുവാക്കൾ അദ്ധ്യാപികയെ തൊട്ടടുത്ത ഫാം ഹൗസിലേക്ക് ബലമായെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അദ്ധ്യാപിക ബോധരഹിതയായതോടെ യുവാക്കൾ ഓടി രക്ഷപെട്ടു. വീട്ടിൽ തിരിച്ചെത്തിയ അദ്ധ്യാപിക വീട്ടുകാരോട് വിവരം അറിയിക്കുകയും തുടർന്ന് രാംപൂർ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേർക്കെതിരെയും വിവിധപൊലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്.
വ്യാഴാഴ്ച സമീപവാസിയായ യുവാവ് നിരന്തരം പീഡനത്തിനിരയാക്കിയ 17 കാരി കുളത്തിൽ ചാടി അത്മഹത്യ ചെയ്തതിന് പിന്നാലെയാണിത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുടുംബാഗങ്ങളുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും ദാമോ എസ്.പി വിവേക് സിംഗ് പറഞ്ഞു. പ്രതികളെ ഇതുവരെ അറസ്റ്റ്ചെയ്തിട്ടില്ല. പ്രദേശവാസികളായ യുവാക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ ബന്ധു മൊഴി നൽകി.
സംസ്ഥാനം മറ്റൊരു ഉത്തർപ്രദേശാകില്ലെന്നും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചു.