സർക്കാരുണ്ടാക്കാൻ സമീപിച്ചത് അജിത് പവാർ: വെളിപ്പെടുത്തി ഫഡ്‌നാവിസ്
മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ തന്നെ സമീപിച്ചത് എൻ.സി.പി നേതാവ് അജിത് പവാറാണെന്ന് പ്രതിപക്ഷ നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. 54 എൻ.സി.പി എം.എൽ.എമാരുടെ പിന്തുണ പവാർ ഉറപ്പു നൽകിയിരുന്നെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
'ബി.ജെ.പിക്കൊപ്പം പോകണമെന്ന് ചില എം.എൽ.എമാർ പറഞ്ഞതായി അജിത് പവാർ എന്നോടു പറഞ്ഞു. ഇക്കാര്യം ശരദ്പവാറുമായി ചർച്ച ചെയ്തെന്നും എൻ.സി.പിക്ക് കോൺഗ്രസിനൊപ്പം പോകാൻ താത്പര്യമില്ലെന്നും അറിയിച്ചു. ശിവസേന ഉൾപ്പെടുന്ന ത്രികക്ഷിക്ക് സർക്കാരിനെ മുന്നോട്ട്കൊണ്ടുപോകാനാവില്ല. ഒരു സുസ്ഥിര സർക്കാരിനായി എൻ.സി.പി, ബി.ജെ.പിക്കൊപ്പം സഖ്യത്തിന് തയ്യാറാണെന്നും' അജിത് പവാർ പറഞ്ഞു. തിരശ്ശീലയ്ക്ക് പിന്നിലെ രാഷ്ട്രീയ നാടകത്തെക്കുറിച്ചുള്ള കഥകൾ വരും ദിവസങ്ങളിൽ വെളിപ്പെടുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് നൽകിയ ക്ലീൻ ചിറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ബി.ജെ.പി ഇതര പാർട്ടികൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കെ, ഫഡ്‌നാവിസും പവാറും നവംബർ 23 ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഭൂരിപക്ഷം ലഭിക്കില്ലെന്നു വ്യക്തമായതിനെത്തുടർന്ന് നവംബർ 26 ന് ഫഡ്‌നാവിസ് രാജിവച്ചു. ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാർ ചുമതലയേൽക്കുകയും ചെയ്തു.