കുളിമുറി ദൃശ്യം പകർത്തി പീഡനം: ഉന്നതരും കുടുങ്ങും

Tuesday 10 December 2019 1:23 AM IST
അറസ്റ്റിലായ മിനി

അഞ്ചാലുംമൂട് (കൊല്ലം): രഹസ്യമായി പകർത്തിയ കുളിമുറി ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, പതിനേഴുകാരിയെ പലർക്കായി കാഴ്ചവച്ച സംഭവത്തിൽ ഉന്നതർക്കും പങ്കെന്ന് സൂചന. പൊലീസ് സംശയിക്കുന്ന പലരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പെൺകുട്ടിയുടെ ബന്ധുവായ യുവതി ഉൾപ്പെടെ മൂന്നുപേർ കൂടി കഴിഞ്ഞദിവസം അറസ്​റ്റിലായതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും.

കൊട്ടിയം പുല്ലിച്ചിറയിൽ സ്വകാര്യ ഹോം സ്​റ്റേ നടത്തുന്ന കരിക്കോട് കിണറുവിള കിഴക്കതിൽ ഷിജു (35), പള്ളിക്കൽ പാറയിൽ പടിഞ്ഞാറേപ്പറയിൽ മിനി (33), പെൺകുട്ടിയുടെ അടുത്ത ബന്ധുവായ സബിയത്ത് (34) എന്നിവരെയാണ് കഴിഞ്ഞദിവസം അഞ്ചാലുംമൂട് പൊലീസ് അറസ്​റ്റ് ചെയ്തത്.

കുണ്ടറയിൽ വാടക വീടെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മിനി മുമ്പും പിടിയിലായിട്ടുണ്ട്. ഷിജു കിളികൊല്ലൂർ പൊലീസ് സ്​റ്റേഷൻ പരിധിയിൽ വധശ്രമക്കേസ് പ്രതിയാണ്. ഷിജുവും മിനിയും ദമ്പതികളെന്ന വ്യാജേനയാണ് ഹോം സ്​റ്റേ നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ ലോഡ്ജ് നടത്തിപ്പുകാരായ മൂന്നു പേരും പെൺകുട്ടിയുടെ മറ്റൊരു ബന്ധുസ്ത്രീയും നേരത്തെ അറസ്​റ്റിലായിരുന്നു.

കൊട്ടിയത്തെ ഹോം സ്​റ്റേയിലും കരുനാഗപ്പള്ളിയിലെ ലോഡ്‌ജിലും പെൺകുട്ടിയെ എത്തിച്ച് പലർക്കായി കാഴ്ചവച്ചതായും ഇടപാടുകാരുടെ വിവരങ്ങളടങ്ങിയ ഡയറി കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കൂടാതെ പല സ്ത്രീകളെയും ഇത്തരത്തിൽ ഇവിടെ എത്തിച്ചിട്ടുണ്ടെന്നാണ് സൂചന.